Ajitha Begum-Kollam SP-political parties-fear

തിരുവനന്തപുരം: ഒടുവില്‍ പെണ്‍പുലി കൊല്ലത്തേക്ക് സംസ്ഥാന പോലീസ് സേനയില്‍ മികച്ച പ്രതിച്ഛായയുള്ള അജിതാ ബീഗം ഐപിഎസിനെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം കൊല്ലം റൂറല്‍ എസ്പിയായി നിയമിച്ചു.

നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായ ആഭ്യന്തരമന്ത്രിയുടെ അടുത്ത സുഹൃത്ത് കൂടിയായ ശശികുമാറിനെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ക്കശ നിലപാടിനെ തുടര്‍ന്ന് മാറ്റാന്‍ ആഭ്യന്തര വകുപ്പ് നിര്‍ബന്ധിക്കപ്പെടുകയായിരുന്നു.

ഡിജിപി സെന്‍കുമാര്‍, റേഞ്ച് ഐജി മനോജ് എബ്രഹാം എന്നിവരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് അജിതാ ബീഗത്തിന്റെ നിയമനം.

വയനാട് എസ്പിയായിരിക്കെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവരെ തേടിപിടിച്ച് അറസ്റ്റ് ചെയ്ത് കര്‍ക്കശ നിലപാട് സ്വീകരിച്ചതിനാണ് വയനാട്ടില്‍ നിന്ന് അജിതാ ബീഗത്തെ തെറിപ്പിച്ചിരുന്നത്. അതും ചാര്‍ജെടുത്ത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍. ഏറം വിവാദമായ ഈ നടപടിക്കെതിരെ അജിതാ ബീഗം ഫേസ്ബുക്കില്‍ പോസ്റ്റിട്ട് പ്രതിഷേധിച്ചിരുന്നു.

നിയമവിരുദ്ധമായ വിട്ടുവീഴ്ചകള്‍ക്ക് ഒരു തരിമ്പും തയ്യാറാകാത്ത അജിതാ ബീഗത്തെ നേരത്തെ തൃശൂര്‍ റൂറല്‍ എസ്പിയായിരുന്ന ഘട്ടത്തിലും അന്യായമായി സ്ഥലം മാറ്റിയിരുന്നു.

സുപ്രീംകോടതി നിര്‍ദ്ദേശം മറികടന്ന് അജിതാ ബീഗം ഉള്‍പ്പെടെയുള്ള യുവ ഐപിഎസുകാരെ പന്ത് തട്ടുന്നതു പോലെ സ്ഥലം മാറ്റുന്നതിനെതിരെ ഐപിഎസ് അസോസിയേഷന്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് രേഖാമൂലം പരാതി നല്‍കുന്ന സാഹചര്യം വരെയുണ്ടായി.

യുവ ഐപിഎസ് ഓഫീസര്‍മാര്‍ സര്‍ക്കാര്‍ നടപടിക്കെതിരെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുന്ന അസാധാരണ സാഹചര്യത്തിനും വിവാദ സ്ഥലം മാറ്റം വഴിവച്ചു.

ഇപ്പോള്‍ ഒരു രാഷ്ട്രീയ സമ്മര്‍ദ്ദവും നേരിടാതെ നിഷ്പക്ഷമായി നീതി നിര്‍വ്വഹണം നടത്താനുള്ള സാഹചര്യമാണ് പുതിയ നിയമനം വഴി അജിതാ ബീഗത്തിന് ലഭിച്ചിരിക്കുന്നത്.

അതുകൊണ്ടു തന്നെ പുതിയ എസ്പിയുടെ സ്ഥാനാരോഹണത്തെ ചങ്കിടിപ്പോടെയാണ് ഒരു വിഭാഗം രാഷ്ട്രീയക്കാര്‍ കാണുന്നത്.

കോട്ടയം എസ്പി സതീഷ് ബിനോയ് ആണ് കോയമ്പത്തൂര്‍ സ്വദേശിയായ അജിതാ ബീഗത്തിന്റെ ഭര്‍ത്താവ്.

Top