കുഞ്ഞുമായി തനിച്ച് യാത്ര ചെയ്ത യുവതിയുടെ ലഗേജ് എടുത്ത് അജിത്; കുറിപ്പ് വൈറൽ

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് അജിത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മറുഭാഷാ താരങ്ങളിൽ ഒരാൾ കൂടിയാണ് അദ്ദേഹം. പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തില്‍ നിരവധി മികച്ച സിനിമകളും കഥാപാത്രങ്ങളുമാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു കഴിഞ്ഞത്. എന്നും ആരാധകരെ ചേർത്തുനിർത്താൻ ശ്രമിക്കുന്ന അജിത്തിന്റെ പുതിയൊരു ഫോട്ടോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ഒരു അമ്മയും കുഞ്ഞിനും ഒപ്പം നിൽക്കുന്ന അജിന്റെ ഫോട്ടോയാണ് പുറത്തുവന്നിരിക്കുന്നത്. ഇതേകുറിച്ചൊരു പോസ്റ്റും യുവതിയുടെ ഭർത്താവ് പങ്കുവച്ചിട്ടുണ്ട്. 10 മാസം പ്രായമുള്ള കുഞ്ഞിനോടൊപ്പം തനിച്ച് ഏറെ ബുദ്ധിമുട്ടി യാത്ര ചെയ്യുകയായിരുന്ന ഭാര്യയ്ക്ക് ലഗേജ് ചുമന്ന് അജിത് പുറത്തെത്തിച്ച് നൽകിയെന്ന് പോസ്റ്റിൽ പറയുന്നു.

‘എന്റെ ഭാര്യ ഗ്ലാസ്‌ഗോയിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്നു. 10 മാസം പ്രായമുള്ള കുഞ്ഞിനൊപ്പം അവൾ തനിച്ചായിരുന്നു. ഇതിനിടയിൽ നടൻ അജിത് കുമാറിനെ കാണാൻ അവസരം ലഭിച്ചു. സ്യൂട്ട്‌കേസും കുട്ടിയുമായി അവൾ താരത്തെ കാണാനെത്തി. എന്നാൽ അദ്ദേഹം ഒപ്പം ചിത്രം എടുക്കുക മാത്രമല്ല എന്റെ ഭാര്യയെ സഹായിക്കുകയും ചെയ്തു. അദ്ദേഹം ഞങ്ങളുടെ സ്യൂട്ട്കേസ് പിടിച്ചു. ഭാര്യ നിരവധി തവണ വേണ്ടെന്ന് പറഞ്ഞെങ്കിലും എനിക്കും രണ്ടു കുട്ടികളുണ്ട്. എനിക്ക് മനസ്സിലാക്കാൻ കഴിയും ഈ ബുദ്ധിമുട്ടുകളെന്നാണ് അദ്ദേഹം പറഞ്ഞത്’, എന്നാണ് യുവതിയുടെ ഭർത്താവ് കുറിപ്പിൽ പറയുന്നത്. പിന്നാലെ അജിത്തിന്റെ പ്രവർത്തിയെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയത്.

Top