ആവേശമാണ്, മാതൃകയാണ് പിടയുന്ന . . ഓര്‍മ്മയാണ് ചങ്കുറപ്പുള്ള ഈ നേതാവ്

ണത്തിനു മീതെ പരുന്തും പറക്കില്ലെന്ന് വിശ്വസിച്ച് പണമെറിഞ്ഞ് വോട്ട് തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളാല്‍ സമ്പന്നമാണ് ഇന്ത്യ. ഏറ്റവും ഒടുവില്‍ തമിഴ് നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്‍.കെ നഗറില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും രാജ്യം അത് കണ്ടു.

മനുഷ്യന്റെ ചിന്താശക്തിയെ വിലക്കു വാങ്ങുന്നവര്‍ ആരായാലും ഏത് പാര്‍ട്ടിക്കാര്‍ ആയാലും അത് നമ്മുടെ ജനാധിപത്യ സംവിധാനത്തിനു തന്നെ ഭീഷണിയാണ്.

പട്ടിണി പാവങ്ങള്‍ ബഹുഭൂരിപക്ഷം ഉള്ള ഒരു രാജ്യത്ത് നോട്ടുകെട്ടുകള്‍ കാട്ടി അവരുടെ ദയനീയ അവസ്ഥയെയാണ് വോട്ട് കച്ചവടക്കാര്‍ ഉപയോഗപ്പെടുത്തി വരുന്നത്.

അഴിമതി പണത്തിന് പുറമെ വമ്പന്‍ ബിസിനസ്സുകാര്‍ മുതല്‍ സാധാരണ തട്ടുകടക്കാരന്റെ വരെ പോക്കറ്റില്‍ നിന്നും ശേഖരിക്കുന്ന പണം വരെ വോട്ട് കച്ചവടത്തിനായി ഉപയോഗിക്കാറുണ്ട്.

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നോട്ട് വച്ച മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് കോടികള്‍ ഓരോ സ്ഥാനാര്‍ത്ഥികളും പൊടിക്കുന്നത്. ജയിച്ചാലും തോറ്റാലും മത്സരിക്കാന്‍ ഒരു സീറ്റ് കിട്ടിയാല്‍ അതിന്റെ പേരില്‍ വമ്പന്‍ പിരിവ് നടത്തി ജീവിതം ഭദ്രമാക്കാം എന്ന് കരുതുന്നവരും അനവധി. ഇത്തരക്കാരില്‍ നിന്നും തികച്ചും വ്യത്യസ്തനായി മരണം വരെ ജീവിച്ച ഒരു നേതാവിനെ രാജ്യം വീണ്ടുമൊരു തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് പോകുന്ന ഈ അവസരത്തില്‍ നാം ഓര്‍ക്കാതെ പോവരുത്.

ബീഹാറിന്റെ മണ്ണില്‍ അക്രമികളുടെ വെടിയേറ്റ് പിടഞ്ഞ് വീണ ധീര കമ്യൂണിസ്റ്റ് അജിത് സര്‍ക്കാറിനെ പൊരുതുന്ന മനസ്സുകള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല.

1980 മുതല്‍ തുടര്‍ച്ചയായി 4 തവണയാണ് പുര്‍ണിയ മണ്ഡലത്തില്‍ നിന്നും സി.പി.എം പ്രതിനിധിയായി അജിത് സര്‍ക്കാര്‍ നിയമസഭയിലെത്തിയത്.

cpm

ഓരോ തിരിഞ്ഞെടുപ്പ് വരുമ്പോഴും ഗ്രാമങ്ങളില്‍ മണ്‍കുടങ്ങള്‍ പ്രതിഷ്ടിച്ച് ഒരു രൂപ നാണയം സംഭാവന സ്വീകരിച്ചാണ് പ്രചരണത്തിനുള്ള പണം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ സ്വരൂപിച്ചിരുന്നത്.

അന്നും ഇന്നും രാജ്യത്തെ മറ്റൊരു മണ്ഡലത്തിലും ഒരു സ്ഥാനാര്‍ത്ഥിയും ഇതുപോലെ ഒരു ഫണ്ട് ശേഖരണം നടത്തിയ ചരിത്രവുമില്ല.

ഭീഷണിപ്പെടുത്തിയും, നിറം പിടിപ്പിച്ച വാഗ്ദാനങ്ങള്‍ നല്‍കിയും പാവം ജനതയെ കറവപശുക്കളാക്കി പിരിവ് നടത്തിയ ചരിത്രമാണ് ഇവിടെ ബഹുഭൂരിപക്ഷത്തിനും പറയാനുണ്ടാകുക.

ഒരു വ്യവസായിയുടെ മുന്നിലും അജിത് സര്‍ക്കാര്‍ കൈ നീട്ടിയിട്ടില്ല. ഒരു മോഹന വാഗ്ദാനവും നല്‍കിയിട്ടില്ല.പണം നല്‍കിയില്ലെങ്കില്‍ കടകള്‍ അടപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിട്ടില്ല, ഇതെല്ലാം നടക്കുന്ന ഗുണ്ടായിസം കൊടികുത്തി വാഴുന്ന മണ്ഡലത്തിലാണ് ഈ കമ്യൂണിസ്റ്റ് ചെങ്കൊടി പാറിച്ചത്.

ജനങ്ങള്‍ക്കൊപ്പം അവരിലൊരാളായി എപ്പോഴും നിന്ന് നീതിക്കായി നടത്തിയ പോരാട്ടമാണ് അജിത് സര്‍ക്കാറിന്റെ വിജയത്തിന് കാരണമായത്.

അജിത് സര്‍ക്കാരിനെ രാഷ്ട്രീയ എതിരാളികള്‍ വെടിവച്ചുകൊന്നത് 1998 ജൂണ്‍ 14നായിരുന്നു. ജനകീയനായ എം എല്‍ എ എന്നനിലയില്‍ ജനഹൃദയങ്ങളില്‍ ഇടം നേടിയ അജിത് സര്‍ക്കാര്‍ 1995 ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത് ക്രിമിനല്‍ പശ്ചാത്തലമുള്ള പപ്പു യാദവിനെയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ അക്രമികള്‍ സുഭാഷ് നഗറില്‍ കാര്‍ തടഞ്ഞു വെടിവെച്ചു കൊന്നത്. 107 വെടിയുണ്ടകളാണ് അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നും കണ്ടെത്തിയിരുന്നത്. ഇതില്‍ നിന്ന് തന്നെ ശത്രുതയുടെ ആഴം എത്ര വലുതാണെന്ന് വ്യക്തം.

എസ്എഫ്ഐയിലൂടെയായിരുന്നു അജിത് സര്‍ക്കാറിന്റെ പൊതുപ്രവര്‍ത്തനം ആരംഭിച്ചത് . ഭൂരഹിതരായ ജനങ്ങള്‍ക്കുവേണ്ടി അദ്ദേഹം ധീരമായി പ്രവര്‍ത്തിച്ചു. ജന്മിമാര്‍ കൈവശം വെച്ച മിച്ചഭൂമിയില്‍ ജനങ്ങളെ അണിനിരത്തി അവകാശം സ്ഥാപിച്ചു. ഇത് ജന്മികളില്‍ പലരുടെയും ശത്രുതയ്ക്ക് പാത്രമായി. പാവപ്പെട്ടവര്‍ക്ക് വേണ്ടി നിരവധി വീടുകള്‍ നിര്‍മ്മിച്ചുകൊടുത്ത അജിത് സര്‍ക്കാരിനു സ്വന്തമായി വീടില്ലായിരുന്നു എന്നതും ശ്രദ്ധേയമാണ്.

അജിത് സര്‍ക്കാര്‍ 1980 ല്‍ കോണ്‍ഗ്രസിന്റെ ശാരദാ പ്രസാദ്, 1985ല്‍ കമല്‍ഡിയ നാരായണ്‍ സിന്‍ഹ, 1990ല്‍ ജനതാദളിന്റെ രവീന്ദ്ര നാരായണ്‍ സിംഗ്, 1995 ല്‍ സമാജ് വാദി പാര്‍ട്ടിയുടെ രാജേഷ് രാജന്‍ എന്നിവരെ പരാജയപ്പെടുത്തിയാണ് തുടര്‍ച്ചയായി നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ബോളിവുഡ് സൂപ്പര്‍ താരം അമീര്‍ഖാന്‍ പോലും അജിത് സര്‍ക്കാരിന്റെ ജീവചരിത്രം കേട്ട് അന്തം വിട്ടിട്ടുണ്ട്. അമീര്‍ഖാന്‍ അവതാരകനായ സത്യമേവ ജയതേയുടെ അവസാന എപ്പിസോഡില്‍ അദ്ദേഹം തന്നെ ഇക്കാര്യം തുറന്നു പറയുകയുമുണ്ടായി. ഇതുപോലുള്ള രാഷ്ട്രീയ നേതാക്കളാണ് രാജ്യത്തിന് ആവശ്യമെന്നും അദ്ദേഹത്തിന്റെ മരണം തന്നെ വല്ലാതെ ദുഖിപ്പിക്കുന്നു എന്നുമാണ് അമീര്‍ഖാന്‍ കണ്ണീരോടെ പറഞ്ഞത്.

പേരിനൊപ്പമുള്ള സര്‍ക്കാര്‍ നാമം അജിത് സര്‍ക്കാരിന് തികച്ചും യോജിച്ചതു തന്നെയാണ്. എം.എല്‍.എ ആകാതിരുന്ന സമയത്തു പോലും ജനകീയ വിഷയങ്ങളില്‍ ഇടപെട്ട് അവിടുത്തെ പാവങ്ങള്‍ക്ക് നീതി വാങ്ങി കൊടുത്ത സമാന്തര സര്‍ക്കാര്‍ തന്നെ ആയിരുന്നു ഈ കമ്മ്യൂണിസ്റ്റ്.

political reporter

Top