വിടാമുയര്‍ച്ചി പൂര്‍ത്തിയാക്കാന്‍ അജിത്ത് തിരിച്ച് സെറ്റിലേക്ക്

ചെന്നൈ: ആരോഗ്യം വീണ്ടെടുത്ത് തമിഴ് നടന്‍ അജിത്ത്. ദിവസങ്ങള്‍ക്ക് മുന്‍പ് ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയനായ അജിത്ത് വൈകാതെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയര്‍ച്ചി എന്ന ചിത്രത്തിനായി അസര്‍ബെയ്ജാനിലേക്ക് പോകാന്‍ ഒരുങ്ങുകയാണ് താരം. അജിത്ത് പൂര്‍ണ ആരോഗ്യവാനാണെന്നാണ് വിവരങ്ങള്‍. ലൈക്ക പ്രൊഡക്ഷന്‍സാണ് ‘വിടാമുയര്‍ച്ചി’ നിര്‍മിക്കുന്നത്. വന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. അജിത്തിന്റെ കരിയറിലെ 62-ാം ചിത്രമാണിത്. ചിത്രത്തിന്റെ കുറച്ച് ഭാഗങ്ങളാണ് ഇനി ചിത്രീകരിക്കാനുള്ളത്. തൃഷയാണ് ചിത്രത്തിലെ നായിക.

നടന്‍ അജിത്തിനെ ആരോഗ്യ പരിശോധനയ്ക്കായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന വാര്‍ത്ത ആരാധകരെ ആശങ്കപ്പെടുത്തിയിരുന്നു. പരിഭ്രാന്തരായ നിരവധിപേര്‍ ആശുപത്രിക്കുമുന്നില്‍ തടിച്ചുകൂടുകയും ചെയ്തു. പിന്നാലെ അജിത്തിന്റെ പതിവ് ആരോഗ്യ പരിശോധനയാണ് നടന്നതെന്ന് നടന്റെ മാനേജര്‍ സുരേഷ് ചന്ദ്ര അറിയിച്ചു.

‘വ്യാഴാഴ്ച പതിവുപരിശോധനകള്‍ക്കായാണ് അജിത്ത് സര്‍ ആശുപത്രിയിലെത്തിയത്. ഞരമ്പിന് ചെറിയൊരു വീക്കമുണ്ടായിരുന്നു. ലളിതമായ മാര്‍ഗത്തിലൂടെ ഡോക്ടര്‍മാര്‍ അതില്‍ നിന്ന് അദ്ദേഹത്തെ മുക്തനാക്കി. അദ്ദേഹം സുഖമായിരിക്കുന്നു.’ സുരേഷ് ചന്ദ്ര അറിയിച്ചു. അജിത്തും ഭാര്യ ശാലിനിയും ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെത്തുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലെ ആരാധക ഗ്രൂപ്പുകളിലൂടെ പ്രചരിച്ചിരുന്നു. അജിത്ത് തലച്ചോറിലെ മുഴ നീക്കം ചെയ്യാനെത്തിയതാണെന്ന രീതിയില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

Top