അജിത്ത് അനുയായികൾ രജനീകാന്തിന് എതിരെ, തെരുവിൽ വീഴുന്നത് രക്തം . . .

കേരളത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍ സ്റ്റാറുകളാണ് എന്നാല്‍ തമിഴ് നാട്ടില്‍ ഒരേയൊരു സൂപ്പര്‍ സ്റ്റാറേ ഉള്ളൂ അത് രജനീകാന്താണ്.

രജനിയുടെ പിന്‍ഗാമിയാകാനുള്ള മത്സരത്തില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ് ദളപതി വിജയ് യും തല അജിത്തും.

പുതിയ തലമുറക്കിടയിലാണ് ദളപതിക്കും തലക്കും ആരാധകര്‍ കൂടുതല്‍. എന്നാല്‍ പുതിയ തലമുറയും പഴയ തലമുറയും ഒരു പോലെ ഇഷ്ടപ്പെടുന്ന താരമാണ് രജനീകാന്ത്.

ഇന്ത്യന്‍ സിനിമക്ക് വിദേശത്ത് പോലും വന്‍ മാര്‍ക്കറ്റ് ഉണ്ടാക്കി തന്ന രജനി ബോളിവുഡിനു മാത്രമല്ല, ഹോളിവുഡിനും അത്ഭുതമാണ്. അടുത്തയിടെ പുറത്തിറങ്ങിയ രജനിയുടെ 2.0യുടെ വ്യാപക റിലീസ് ലോകത്തെ വമ്പന്‍ സിനിമാ നിര്‍മ്മാണ കമ്പനികളെ പോലും വിസ്മയിപ്പിച്ചിരുന്നു.

ഈ സിനിമക്കു ശേഷം പൊങ്കലിനു പുറത്തിറങ്ങിയ രജനിയുടെ പേട്ടയും അജിത്തിന്റെ വിശ്വാസവും തമ്മിലുള്ള പോരാട്ടം തെരുവിലേക്കും ഇപ്പോള്‍ പടര്‍ന്നിരിക്കുകയാണ്. നിരവധി സ്ഥലങ്ങളില്‍ ഇരുതാരങ്ങളുടെയും ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടി. രണ്ടു പേര്‍ കുത്തേറ്റ് പരുക്കുകളോടെ ഗുരുതരാവസയില്‍ ചികിത്സയിലാണ്. വിശ്വാസം സിനിമ കാണാന്‍ പണം നല്‍കാത്തതിനു തമിഴ് നാട്ടിലെ കാഠ് പാഠിയില്‍ മകന്‍ അച്ചനെ തീ കൊളുത്തിയ ദാരുണ സംഭവവും അരങ്ങേറി. 45 വയസുകാരനായ പാണ്ഡ്യനെയാണ് മകന്‍ അജിത്ത് കുമാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പാണ്ഡ്യന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.

വെറിപിടിച്ച സിനിമാ ഭ്രാന്തുള്ള അനവധി പേരുള്ള നാട്ടില്‍ ഇത് അസാധാരണ സംഭവമല്ലെങ്കിലും പുതിയ തലമുറയിലും ഈ ഭ്രാന്തന്‍ നടപടികള്‍ തുടരുന്നു എന്നത് ഗൗരവമായി കാണേണ്ട കാര്യം തന്നെയാണ്.

പ്രത്യേകിച്ച് രാഷ്ട്രീയവും സിനിമയും പരസ്പരം ഇടകലര്‍ന്ന സംസ്ഥാനത്താകുമ്പോള്‍ പ്രത്യാഘാതവും ഗൗരവമാകും. രജനി രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു കഴിഞ്ഞു. അജിത്തിന് മേലാകട്ടെ, രാഷ്ട്രീയത്തിലിറങ്ങാനുള്ള സമ്മര്‍ദ്ദം ശക്തവുമാണ്.

മുന്‍ മുഖ്യമന്ത്രിയും അണ്ണാ ഡി.എം.കെയുടെ സാരഥിയുമായിരുന്ന ജയലളിതയുമായി ഏറെ അടുപ്പം പുലര്‍ത്തിയ താരമാണ് അജിത്ത്. ശാലിനി – അജിത്ത് വിവാഹം നടന്നത് തന്നെ ജയലളിതയുടെ ആശിര്‍വാദത്തോടെയാണ്.

rajanikanth

ജയലളിതയുടെ മരണവാര്‍ത്തയറിഞ്ഞ് വിദേശത്തായിരുന്ന അജിത്ത് തിരിച്ചെത്തിയതു മുതല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാര്‍ത്തകളും സജീവമായിരുന്നു. ജയലളിതയുടെ പിന്‍ഗാമിയായി അജിത്ത് വരണമെന്ന് അണ്ണാ ഡി.എം.കെ അണികള്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും താരം ഇതുവരെ മനസ്സ് തുറന്നിട്ടില്ല. അണ്ണാ ഡി.എം.കെ അണികളില്‍ നല്ലൊരു വിഭാഗവും അജിത്തിന്റെ ആരാധകരാണ് എന്നതും ശ്രദ്ധേയമാണ്.

ജയലളിതയുടെ അഭാവത്തില്‍ ജനപ്രിയരായ ഒരു നായകന്‍ നയിക്കാന്‍ ഇല്ല എന്നതാണ് അണ്ണാ ഡി.എം.കെ തമിഴ് നാട്ടില്‍ നേരിട്ടുന്ന പ്രധാന വെല്ലുവിളി. ഈ സാഹചര്യത്തില്‍ അജിത്തിനെ സഹകരിപ്പിക്കാന്‍ അണിയറയില്‍ ചില നേതാക്കള്‍ നേരിട്ട് ഇടപെട്ട് നീക്കങ്ങള്‍ നടത്തിവരികയുമാണ്.

രജനീകാന്താവട്ടെ രാഷ്ട്രീയ പ്രഖ്യാപനം വൈകാതെ നടത്തുമെന്ന് പ്രഖ്യാപിച്ച് സസ്‌പെന്‍സ് തുടരുകയാണ്. അടുത്തയിടെ പുറത്തിറങ്ങിയ 2.0 വന്‍ വിജയമായത് പോലെ ഇപ്പോള്‍ പുറത്തിറങ്ങിയ പേട്ട വിജയിക്കേണ്ടതും രജനിക്ക് അനിവാര്യമാണ്. തന്റെ ഫാന്‍സ് അസോസിയേഷനെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയില്‍ ലയിപ്പിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് രജനിയുടെ പദ്ധതി.

പൊങ്കലിന് റിലീസായ പേട്ടക്ക് വെല്ലുവിളി ഉയര്‍ത്തുന്നത് വിശ്വാസമാണ്. രജനിയോ, അജിത്തോ, ഇവരില്‍ ആരാണ് കേമന്‍ എന്ന് തീരുമാനിക്കുന്നത് ഏത് സിനിമ കൂടുതല്‍ കളക്ട് ചെയ്യും എന്നതിനെ ആശ്രയിച്ചായിരിക്കും.

രാഷ്ട്രീയത്തില്‍ ഇറങ്ങില്ലെന്ന് ഇതുവരെ ശക്തമായി അജിത്ത് പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ രജനീ ക്യാംപ് വിശ്വാസം സിനിമയെ വിശ്വാസത്തോട് കൂടിയല്ല നിലവില്‍ സമീപിക്കുന്നത്.

രണ്ട് താരങ്ങളുടെ ആരാധകരും തങ്ങളുടെ ഇഷ്ടതാരത്തിന്റെ സിനിമ സൂപ്പര്‍ ഹിറ്റാവണമെന്ന ലക്ഷ്യത്തോടെ സോഷ്യല്‍ മീഡിയകളിലും സജീവമായ ഇടപെടല്‍ നടത്തിവരികയാണ്.

Ajith-actor

സോഷ്യല്‍ മീഡിയയിലെ ഈ പോരാട്ടം തെരുവിലേക്ക് വ്യാപിച്ചതോടെയാണ് ആരാധകര്‍ പരിക്കേറ്റ് ആശുപത്രിയിലായിരിക്കുന്നത്. സംഘര്‍ഷം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കാതെ നോക്കാന്‍ പൊലീസ് ജാഗ്രത പുലര്‍ത്തുന്നുണ്ടെങ്കിലും തിയറ്ററുകള്‍ പൂരപ്പറമ്പിന്റെ അവസ്ഥയിലാണിപ്പോള്‍. രണ്ട് സിനിമകള്‍ക്കും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.

ഹിന്ദുത്വ വാദിയായി ചിത്രീകരിക്കപ്പെടുന്നത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നെഗറ്റീവ് ഇമേജ് ഉണ്ടാക്കുമെന്ന തിരിച്ചറിവില്‍ പേട്ടയില്‍ മതേതരവാദിയുടെ വേഷത്തിലാണ് രജനിയുടെ പ്രകടനം. ഉത്തരേന്ത്യയില്‍ നടക്കുന്ന വംശീയ കലാപത്തിന്റെ ഭീകരതയും പേട്ടയിലൂടെ തുറന്നുകാട്ടാന്‍ ശ്രമിക്കുന്നുണ്ട്. കാലായിലൂടെ ദളിത് രാഷ്ട്രീയം പറഞ്ഞ രജനി പേട്ടയിലൂടെ തീവ്ര കാവി രാഷ്ട്രീയത്തിനെതിരായ നിലപാടാണ് സ്വീകച്ചിരിക്കുന്നത്.

Top