മുഖ്യമന്ത്രി പദത്തില്‍ 80 മണിക്കൂര്‍; രാജിവച്ച് ഫഡ്‌നാവിസ്, ‘നാണംകെട്ട് ബി.ജെ.പി’

ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു. അജിത് പവാര്‍ ഉപമുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനു തൊട്ടു പിന്നാലെയാണ് വാര്‍ത്താ സമ്മേളനം വിളിച്ചുകൂട്ടി ഫഡ്‌നാവിസ് രാജി പ്രഖ്യാപിച്ചത്. നാളെ വൈകിട്ട് അഞ്ചു മണിക്കുള്ളില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് നടത്തണമെന്ന സുപ്രീം കോടതി നിര്‍ദേശിച്ചതിനു പിന്നാലെയാണ് അജിത് പവാറിന്റെയും ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും രാജി.

ബി.ജെ.പി ഭരണത്തിനായിരുന്നു ജനവിധിയെന്നും ഭൂരിപക്ഷമില്ലാത്തതിനാലാണ് രാജിവെച്ചതെന്നും ഫഡ്‌നാവിസ് പറഞ്ഞു. ബിജെപിയെയാണ് ജനം ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുത്തത്. ഫലം വന്നതിന് പിന്നാലെ ശിവസേന വിലപേശല്‍ തുടങ്ങി. മുഖ്യമന്ത്രി പദം പങ്കിടാന്‍ ശിവസേനയുമായി ധാരണയില്ലായിരുന്നുവെന്നും ഫഡ്‌നാവിസ് പറഞ്ഞു.

ഇതോടെ മഹാരാഷ്ട്ര ഭരണം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ അപ്രതീക്ഷിത നീക്കങ്ങള്‍ക്ക്‌ അവസാനമായി. അജിത് പവാര്‍ അടക്കം മൂന്ന് എംഎല്‍എമാരാണ്‌ എന്‍സിപിയില്‍ നിന്ന് ബിജെപിയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി ചുമതലയേറ്റെങ്കിലും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റിരുന്നില്ല.

അജിത്ത് പവാര്‍ രാജിക്കത്ത് സമര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പ് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യന്തരമന്ത്രി അമിത് ഷായുമായും ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവരുടെ കൂടിക്കാഴ്ച കഴിഞ്ഞതിന് പിന്നാലെയാണ് ദേവേന്ദ്ര ഫഡ്‌നാവിസ് മാധ്യമങ്ങളെ കണ്ട് രാജി പ്രഖ്യാപിച്ചത്.

Top