മുന്‍ ഐ.എ.എസുകാരന്‍ ജോഗിക്ക് . . . മായാവതിയുടെ സംരക്ഷണം രക്ഷയായില്ല

ത്തീസ്ഗഡിലെ കിങ് മെയ്ക്കര്‍ അജിത് ജോഗി തെരഞ്ഞെടുപ്പില്‍ അടിപതറിയ കാഴ്ചയാണ് കാണാന്‍ സാധിച്ചത്. മകന്റെ മണ്ഡലമായ മര്‍വാഹിയില്‍ വിജയിക്കാന്‍ ജോഗിയ്ക്ക് ഏറെ വിയര്‍ക്കേണ്ടി വന്നു. 2003 മുതല്‍ ജോഗി കൈവശം വച്ചിരുന്ന മണ്ഡലമായിരുന്നു ഇത്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട അദ്ദേഹം ഒന്നാം സ്ഥാനത്തേയ്ക്ക് ഓടിയെത്തുകയായിരുന്നു. ഛത്തീസ്ഗഡില്‍ ത്രികോണ മത്സരം എന്ന പ്രതീതിയുണ്ടാക്കിയത് അജിത് ജോഗി- മായാവതി കൂട്ടുകെട്ടായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച മിക്ക സീറ്റുകളിലും കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ ഇവര്‍ക്കായില്ല എന്നതാണ് സത്യം.

കോണ്‍ഗ്രസ്- ബിജെപി മത്സരം എന്ന നിലയില്‍ പോയിക്കൊണ്ടിരുന്ന രാഷ്ട്രീയ സാഹചര്യത്തിലേയ്ക്കാണ് ഈ പുതിയ രാഷ്ട്രീയ സമവാക്യം വന്നത്. ഈ കൂട്ടുകെട്ട് ഛത്തീസ്ഗഡ് രാഷ്ട്രീയത്തില്‍ വലിയ മാറ്റം ഉണ്ടാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പ്രസ്ഥാവിച്ചിരുന്നു. കോണ്‍ഗ്രസ് ബിജെപി വോട്ട് വിഹിത്തതില്‍ വിള്ളലുണ്ടാക്കാന്‍ ഇവര്‍ക്ക് സാധിക്കുമെന്നായിരുന്നു വിലയിരുത്തല്‍.

ഇരു കക്ഷികളും തമ്മിലുള്ള വോട്ട് വിഹിതം ഓരോ തെരഞ്ഞെടുപ്പിലും കുറഞ്ഞു വരുന്നതായിരുന്നു ഇത്തരം ഒരു നിഗമനത്തിലേയ്ക്ക് എത്തിച്ചത്. ജെസിസി- ബിഎസ്പി സഖ്യത്തിന് 13 സീറ്റുകള്‍ നേടുമെന്ന് തികഞ്ഞ ആത്മ വിശ്വാസം ഉണ്ടായിരുന്നു.

ജംഗിര്‍ ചമ്പ, ബിലാസ്പുര്‍ എന്നീ വളരെ നിര്‍ണ്ണായകമായ മേഖലകളിലെ സീറ്റുകളിലായിരുന്നു സഖ്യത്തിന്റെ കണ്ണ്. അതുവഴി കിങ് മേക്കര്‍ പദവിയിലേയ്ക്ക് വാഴ്ത്തപ്പെടും എന്നായിരുന്നു ജോഗിയുടെ കണക്കു കൂട്ടല്‍. ഛത്തീസ്ഗഡിലെ ആദ്യ മുഖ്യമന്ത്രിയാണ് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ അജിത് ജോഗി. കലക്ടറായിരുന്ന കാലയളവില്‍ തന്റെ അധികാരപരിധിയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ പ്രതിച്ഛായയാണ് പിന്നീട് മുഖ്യമന്ത്രിയായപ്പോഴും അദ്ദേഹം നിലനിര്‍ത്താന്‍ ശ്രമിച്ചത്.

സംസ്ഥാന കോണ്‍ഗ്രസിന്റെ കരുത്തായിരുന്നു അജിത് ജോഗി. പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോയി സ്വന്തം പാര്‍ട്ടി രൂപീകരിച്ച് മത്സരത്തിനിറങ്ങിയപ്പോള്‍ ചങ്കിടിച്ചത് കോണ്‍ഗ്രസിന് തന്നെയായിരുന്നു. എന്നാല്‍, തന്റെ വ്യക്തിപ്രഭാവം ശക്തമായി നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല എന്നാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം സാക്ഷ്യപ്പെടുത്തുന്നത്.

ഗോത്രവര്‍ഗക്കാര്‍ കൂടുതലുള്ള ഛത്തീസ്ഗഡില്‍ സ്വാധീനം ഉറപ്പിക്കാന്‍ തന്റെ ഗോത്ര ബന്ധം അദ്ദേഹം സമര്‍ഥമായി ഉപയോഗിച്ചിരുന്നു. അപകടങ്ങളെ തുടര്‍ന്ന് ശരീരം തളര്‍ന്നെങ്കിലും ഓരോ തവണയും ചികിത്സ കഴിഞ്ഞ് സംസ്ഥാനത്ത് ഓടിയെത്തി തന്റെ സാന്നിധ്യം അദ്ദേഹം അറിയിച്ചിരുന്നു. ജാതി സമവാക്യങ്ങളെ നന്നായി ഉപയോഗപ്പെടുത്തിയാണ് ഇത്തവണ അദ്ദേഹം തെരഞ്ഞെടുപ്പിന് നേരിട്ടത്.

കര്‍ഷക വായ്പ തിരിച്ചടവ് എഴുതിത്തള്ളും, നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിക്കും, സര്‍ക്കാര്‍ ജോലികളില്‍ യുവാക്കള്‍ക്ക് സംവരണം നല്‍കും, കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള പമ്പുകള്‍ക്ക് സൗജന്യ വൈദ്യുതി തുടങ്ങിയ വാഗ്ദാനങ്ങളാണ് ജോഗി-മായാവതി സഖ്യം നടത്തിയിരുന്നത്. എന്നാല്‍, ഇതു കൊണ്ടൊന്നും ജനങ്ങളുടെ വിശ്വാസ്യത നേടാന്‍ സാധിച്ചില്ല എന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

ജെസിസിയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തിലെ മൂന്ന് പേരാണ് തെരഞ്ഞെടുപ്പില്‍ വിജയം കണ്ടത്. ഭാര്യ രേണു ജോഗി, മരുമകള്‍ റിച്ച എന്നിവരാണ് ജോഗിയ്‌ക്കൊപ്പം നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

Top