തമിഴകത്ത് നടൻ അജിത്തിനു വേണ്ടി ഭരണപക്ഷത്തു നിന്നും വീണ്ടും മുറവിളി !

രാഷ്ട്രീയവും സിനിമയും ഇടകലര്‍ന്ന തമിഴക രാഷ്ട്രീയത്തില്‍ നടന്‍ അജിത്തിനെ രംഗത്തിറക്കാന്‍ വീണ്ടും ശ്രമം.

ഭരണപക്ഷമായ അണ്ണാ ഡി.എം.കെയിലെ ഒരു വിഭാഗമാണ് തല എന്ന് ആരാധകര്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന അജിത്തിനു വേണ്ടി പാര്‍ട്ടിക്കകത്ത് മുറവിളി കൂട്ടുന്നത്.

ജയലളിതയുടെ മരണത്തോടെ നയിക്കാന്‍ ജനപ്രീതിയില്ലാതെ വട്ടം കറങ്ങുന്ന അണ്ണാ ഡി.എം.കെ വലിയ അഗ്‌നിപരീക്ഷണമാണ് സംസ്ഥാനത്ത് ഇപ്പോള്‍ നേരിടുന്നത്. ലോകസഭയില്‍ അംഗബലത്തില്‍ മൂന്നാമതായും ഒരു കോടി അംഗങ്ങളുള്ള പാര്‍ട്ടിയായും പുരട്ചി തലൈവി ജയലളിത വാര്‍ത്തെടുത്ത പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ വളരെ ദയനീയം തന്നെയാണ്. സംസ്ഥാന ഭരണം നഷ്ടപ്പെട്ടിട്ടില്ല എന്ന ഒറ്റ കാരണം കൊണ്ടു മാത്രമാണ് താല്‍ക്കാലികമായെങ്കിലും പിടിച്ചു നില്‍ക്കുന്നത്. കേന്ദ്രം ഉടക്കിയാല്‍ എപ്പോള്‍ വേണമെങ്കിലും ഭരണം നഷ്ടപ്പെടാം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ രണ്ടാം ഊഴത്തിന് തമിഴകത്തു നിന്നുള്ള ലോകസഭ അംഗങ്ങളുടെ പിന്തുണ അനിവാര്യമാണെന്ന് തിരിച്ചറിയുന്ന ബി.ജെ.പി ശക്തമായ നീക്കങ്ങളാണ് നടത്തി വരുന്നത്.

അണ്ണാ ഡി.എം.കെയുടെ നേതൃത്വത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് വരണമെന്ന അഭിപ്രായം ബി.ജെ.പി – ആര്‍.എസ്.എസ് നേതൃത്വത്തിന് ഉണ്ടെങ്കിലും ഇരു വിഭാഗവും ഈ നിര്‍ദ്ദേശത്തിന് മുഖം തിരിച്ചത് തിരിച്ചടിയായിട്ടുണ്ട്.

സ്വന്തം പാര്‍ട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് രജനീകാന്തിന്റെ തീരുമാനം. ബി.ജെ.പിയുമായി അടുപ്പമുണ്ടെന്ന വാര്‍ത്ത മുസ്ലീം വോട്ടുകള്‍ നഷ്ടപ്പെടുത്തുമെന്നതിനാല്‍ തന്ത്രപരമായ അകലം പാലിച്ചാണ് ഇപ്പോഴത്തെ പ്രതികരണം. ഇത് ആര്‍.എസ്.എസ് നേത്യത്വത്തിന്റെ കൂടി നിര്‍ദ്ദേശ പ്രകാരമാണെന്നാണ് തമിഴകത്തെ അണിയറ സംസാരം.

അതേസമയം, മക്കള്‍ നീതിമയ്യം എന്ന പാര്‍ട്ടിയുമായി രാഷ്ട്രീയത്തിലേക്ക് ഇതിനകം തന്നെ രംഗപ്രവേശം ചെയ്ത നടന്‍ കമല്‍ഹാസന് സി.പി.എം, ആം ആദ്മി പാര്‍ട്ടികളുമായി സഹകരിക്കാനാണ് താല്‍പ്പര്യം. യൂത്തിനിടയില്‍ ഇതിനകം തന്നെ നല്ല പിന്തുണ നേടാന്‍ കമലിനു കഴിഞ്ഞിട്ടുമുണ്ട്.

രാഷ്ട്രീയ മോഹം വച്ച് പുലര്‍ത്തുന്ന മറ്റൊരു സൂപ്പര്‍ താരം ദളപതി എന്ന് ആരാധകര്‍ വിളിക്കുന്ന നടന്‍ വിജയ് ആണ്. സ്വന്തമായി ഫാന്‍സ് അസോസിയേഷന് കൊടി തന്നെ ഉള്ളത് വിജയ് ഫാന്‍സിനു മാത്രമാണ് എന്നതും ഓര്‍ക്കുക.

Ajith-actor

അടുത്തയിടെ പുറത്തിറങ്ങിയ സര്‍ക്കാര്‍ എന്ന സിനിമയിലൂടെ തന്റെ രാഷ്ട്രീയ മോഹം വിജയ് തന്നെ വ്യക്തമാക്കിയിരുന്നു. ഈ സിനിമ തമിഴകത്തു മാത്രമല്ല കേരളത്തില്‍ പോലും സൂപ്പര്‍ ഹിറ്റായിരുന്നു.

രജനി, കമല്‍, വിജയ്, എന്നീ മൂന്നു സൂപ്പര്‍ താരങ്ങള്‍ തമിഴക രാഷ്ട്രീയത്തിലേക്ക് നോട്ടമിട്ടിരിക്കുന്ന സാഹചര്യത്തില്‍ തങ്ങള്‍ക്കും വേണം ഒരു സൂപ്പര്‍ താര പിന്തുണ എന്നാണ് അണ്ണാ ഡി.എം.കെ അണികള്‍ ആഗ്രഹിക്കുന്നത്.

ജയലളിതയുമായി ഏറെ അടുപ്പമുണ്ടായിരുന്ന നടന്‍ അജിത്തിനോടാണ് അണ്ണാ ഡി.എം.കെ അണികള്‍ക്ക് ഏറെ താല്‍പ്പര്യം.

ജയലളിത അന്തരിച്ച വിവരമറിഞ്ഞ് വിദേശത്തായിരുന്ന അജിത്ത് ഷൂട്ടിങ് റദ്ദാക്കി ചെന്നൈയില്‍ കുതിച്ചെത്തിയതോടെ അദ്ദേഹത്തെ ജയലളിതയുടെ പിന്‍ഗാമിയായി ചിത്രീകരിച്ച് വ്യാപകമായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

അജിത്ത് അണ്ണാ ഡി.എം.കെയുടെ നായക സ്ഥാനും ഏറ്റെടുത്താലും സ്വന്തം പാര്‍ട്ടി രൂപീകരിച്ച് രംഗത്ത് വന്നാലും മറ്റു എല്ലാ പാര്‍ട്ടികളെയും വിറപ്പിക്കുന്ന കരുത്ത് ആ പാര്‍ട്ടിക്കും ഉണ്ടാകുമെന്നതാണ് യാഥാര്‍ത്ഥ്യം.

അണ്ണാ ഡി.എം.കെയുടെ അണികള്‍ മാത്രമല്ല, ശക്തമായ സ്വന്തം ഫാന്‍സും അജിത്തിന് ബലം നല്‍കുന്ന പ്രധാന ഘടകമാണ്. നടന്‍ വിജയിക്ക് തമിഴകത്തുള്ള ആരാധകര്‍ക്ക് സമാനമായ ആരാധക ലക്ഷങ്ങള്‍ അജിത്തിനും ഇവിടെയുണ്ട്.

മുന്‍ മുഖ്യമന്ത്രിമാരായ എം.ജി.രാമചന്ദ്രനും ജയലളിതയും അഭിനയലോകത്ത് നിന്നും വന്ന് തമിഴക മുഖ്യമന്ത്രി ആയതിനാല്‍ ചരിത്രം വീണ്ടും ആവര്‍ത്തിക്കുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.

കമലും രജനിയും കഴിഞ്ഞാല്‍ പുതുതലമുറയില്‍ തമിഴകത്തെ യുവ സമൂഹം പ്രതീക്ഷയോടെ കാണുന്നത് വിജയിയെയും അജിത്തിനെയും ആണ്. വിജയ് രാഷ്ട്രീയ താല്‍പ്പര്യം ഇതിനകം പലവട്ടം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അജിത്ത് ഒരു സൂചന പോലും ഇതുവരെ നല്‍കിയിട്ടില്ല. കാരുണ്യ പ്രവര്‍ത്തന രംഗത്തും ഈ രഹസ്യ സ്വഭാവം അദ്ദേഹം കാത്ത് സൂക്ഷിക്കാറുണ്ട്.

രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും ഇറങ്ങില്ലെന്നും വിവാദങ്ങള്‍ പലതും ഉണ്ടായിട്ടും അജിത്ത് ഇന്നുവരെ പ്രതികരിക്കാത്തത് ശുഭസൂചകമായി കാണുന്നവരാണ് അദ്ദേഹത്തിന്റെ ആരാധകര്‍. അനിവാര്യമായ ഘട്ടത്തില്‍ ഉചിതമായ സമയത്ത് തല നിലപാട് പ്രഖ്യാപിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

vijay_politics1

ദളപതിയും തലയും സിനിമയിലെ പോലെ തന്നെ രാഷ്ട്രീയത്തിലും ഒരുമിക്കാന്‍ സാധ്യത ഇല്ലാത്തതിനാല്‍ ഇന്നല്ലെങ്കില്‍ നാളെ തമിഴകത്ത് ഇവര്‍ രണ്ടു പേര്‍ തമ്മിലായിരിക്കും മുഖ്യമന്ത്രി പദത്തിനായുള്ള ഏറ്റുമുട്ടലെന്ന കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകരില്‍ നല്ലൊരു വിഭാഗവും ഏകാഭിപ്രായക്കാരാണ്.

മുഖ്യ പ്രതിപക്ഷമായ ഡി.എം.കെയാണ് താര രാഷ്ട്രിയ പ്രവേശന വാര്‍ത്തകള്‍ സജീവമാകുമ്പോള്‍ ഏറെ ആശങ്കപ്പെടുന്നത്.

ഉപതിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ വിജയിക്കാന്‍ കഴിയുമെങ്കിലും പൊതു തിരഞ്ഞെടുപ്പില്‍ താര പകിട്ടിനു മുന്നില്‍ അടിപതറുമോ എന്നതാണ് പാര്‍ട്ടി നേതാക്കളുടെ ആശങ്ക. പാര്‍ട്ടി സ്ഥാപകനും രാഷ്ട്രീയ ചാണക്യനുമായ കരുണാനിധിയുടെ വിയോഗവും ഡി.എം.കെ നേരിടുന്ന വലിയ പ്രതിസന്ധിയാണ്.

Top