എൻ.സി.പി ദേശീയ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി അജിത് പവാർ

ന്യൂഡൽഹി: എൻ.സി.പി ദേശീയ സമ്മേളനത്തിൽ നിന്ന് മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അജിത് പവാർ ഇറങ്ങിപ്പോയതായി റിപ്പോർട്ടുകൾ. എൻ.സി.പി നേതാവ് ജയന്ത് പാട്ടീലിനെ പ്രസംഗിക്കാൻ വിളിച്ചതിന് തൊട്ടുപിന്നാലെയാണ് അജിത് പവാർ സ്റ്റേജിൽ നിന്ന് ഇറങ്ങിപ്പോയത്. സംസാരിക്കാൻ അവസരം നൽകാത്തതിലുള്ള പ്രതിഷേധമായാണ് അജിത് പവാർ ഇറങ്ങിപ്പോയതെന്നാണ് അഭ്യൂഹങ്ങൾ. ഇതോടെ പാർട്ടിയിലെ ഭിന്നിപ്പാണ് ഇത് പ്രകടമാക്കുന്നതെന്ന് ഒരുവിഭാഗം ആരോപിച്ചു.

ജയന്ത് പാട്ടീലിന്റെ പ്രസംഗത്തിന് ശേഷം സംസാരിക്കാനായി അജിത് പവാറിനെ വിളിച്ചെങ്കിലും അദ്ദേഹം സ്റ്റേജിലെത്തിയില്ല. തുടക്കത്തിൽ പാട്ടീൽ സംസാരിക്കാൻ താൽപ്പര്യം കാണിച്ചില്ലെങ്കിലും വേദിയിൽ എത്തി പ്രസംഗം ആരംഭിച്ചു. പാർട്ടി പ്രവർത്തകർ അദ്ദേഹത്തിന്റെ പ്രസംഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴാണ് അജിത് പവാർ വേദിവിട്ട് പോയത്.

ശുചിമുറിയിൽ പോയതാണെന്നും ഉടൻ വരുമെന്നും നേതാക്കൾ അണികളോട് പറഞ്ഞു. ഇതേസമയം, എൻ.സി.പി എം.പിയായ സുപ്രിയ സുലെയും പിന്നാലെ പോയി. സുപ്രിയ സുലേ അജിത് പവാറിനെ അനുനയിപ്പിച്ച് വേദിയിലെത്തിച്ചു.എന്നാൽ ആ സമയമായപ്പോഴേക്കും സമ്മേളനം അവസാനിക്കാറായിരുന്നു. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാർ നന്ദി പ്രസംഗം നടത്തിത്തുടങ്ങുകയും ചെയ്തിരുന്നു. പാർട്ടിയുടെ ദ്വിദിന സമ്മേളനം അവസാനിക്കും വരെ അജിത് പവാറിന് സംസാരിക്കാനും സാധിച്ചില്ല.

Top