അജിത് പവാർ ധനകാര്യ മന്ത്രിയാകും; എൻസിപി വിട്ട് എത്തിയ 8 പേർക്ക് വകുപ്പുകളായി

മുംബൈ : ശിവസേന–ബിജെപി സഖ്യത്തോടൊപ്പം ചേർന്ന അജിത് പവാർ വിഭാഗം എൻസിപി എംഎൽഎമാരെ ഉൾപ്പെടുത്തി മഹാരാഷ്ട്രയിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ഉപമുഖ്യമന്ത്രിയായ അജിത് പവാറിന് ധനകാര്യവകുപ്പിന്റെയും പ്ലാനിങ് വകുപ്പിന്റെയും ചുമതല നൽകും. ഭക്ഷ്യ–പൊതുവിതരണ–ഉപഭോക്തൃകാര്യ വകുപ്പിന്റെ ചുമതല ഛഗൻ ഭുജ്​ബലിനും ഡ്രഗ് ആൻഡ് അഡ്മിനിസ്ട്രേഷൻ വകുപ്പിന്റെ ചുമതല ധരംറാവുബാബ അത്രമിനും നൽകും.

ഗിലിപ് വാൽസെ പാട്ടിൽ സഹകരണ വകുപ്പിന്റെയും ധനഞ്ജയ് മുണ്ടെ കൃഷി വകുപ്പിന്റെയും ചുമതലയേൽക്കും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഹസന്‌‍‍ മുഷ്റിഫും ദുരിതാശ്വാസ–ദുരന്തനിവാരണ, പുനരധിവാസ വകുപ്പുകൾ അനിൽ പാട്ടിലും നയിക്കും. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമവകുപ്പിൽ അതിഥി താത്കറെയും കായിക–യുവജനക്ഷേമ വകുപ്പിൽ സഞ്ജയ് ബൻസോദെയും മന്ത്രിമാരാകും.

അജിത് പവാർ ഉൾപ്പെടെ എൻസിപി എംഎൽഎമാര്‍ കഴിഞ്ഞ മാസമാണ് ശിവസേന–ബിജെപി സഖ്യത്തോടൊപ്പം ചേർന്നത്. മന്ത്രിസഭാ പുനഃസംഘടനയിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയ്ക്കുള്ളിൽത്തന്നെ എതിർപ്പുള്ളതായും റിപ്പോർട്ടുകള്‍ പുറത്തുവരുന്നുണ്ട്. പുതിയ മാറ്റങ്ങളോട് ബിജെപിക്കും അതൃപ്തിയുണ്ടാകാൻ സാധ്യതയുള്ളതായി പ്രതിപക്ഷ നേതാവ് അംബാദാസ് ധാൻവെയും ചൂണ്ടിക്കാണിക്കുന്നു.

Top