അജിത് പവാറുമായി ബിജെപി സഖ്യം ഉണ്ടാക്കിയത് തെറ്റ്; ഏക്നാഥ് ഖഡ്സെ

ന്യൂഡല്‍ഹി: ബിജെപി പാളയം വിട്ട് അജിത് പവാര്‍ എന്‍സിപിയിലേക്ക് തിരിച്ച് പോക്ക് നടത്തിയതിന് പിന്നാലെ വിമര്‍ശനവുമായി മഹാരാഷ്ട്രയിലെ മുതിര്‍ന്ന ബിജെപി നേതാക്കളില്‍ ഒരാളായ ഏക്നാഥ് ഖഡ്സെ.അജിത് പവര്‍ അഴിമതിക്കാരനാണെന്നും അദ്ദേഹത്തിന്റെ പിന്തുണ ബിജെപി സ്വീകരിക്കരുതായിരുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.

അജിത് പവാറിന്റെ പിന്തുണ ബിജെപി ഒരിക്കലും സ്വീകരിക്കരുതായിരുന്നു എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. വന്‍കിട അഴിമതി കേസുകളില്‍ പ്രതിയാണ് അദ്ദേഹം. നിരവധി ആരോപണങ്ങള്‍ നേരിടുന്നുമുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹവുമായി ബിജെപി സഖ്യമുണ്ടാക്കരുതായിരുന്നുവെന്നും ഖഡ്സെ പറഞ്ഞു

ഫഡ്നാവിസ് സര്‍ക്കാര്‍ ഉടന്‍ വിശ്വാസവോട്ട് നേടണമെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് അജിത് പവാര്‍ ഇന്നലെ ഉപമുഖ്യമന്ത്രി സ്ഥാനം രാജി വെച്ചത്. പിന്നാലെ ദേവേന്ദ്ര ഫഡ്‌നാവിസും രാജിസമര്‍പ്പിച്ചു. സത്യപ്രതിജ്ഞ ചെയ്ത് നാലാം ദിവസമാണ് മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ രാജിവെച്ചത്.ഇതിനിടെ അദ്ദേഹം ഉള്‍പ്പെട്ട കോടികളുടെ ഒമ്പതോളം അഴിമതി കേസുകളിലുള്ള അന്വേഷണം അവസാനിപ്പിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

Top