അജിത് പവാറിനെ എന്‍സിപി നിയമസഭാകക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നീക്കി

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെ എന്‍സിപി നിയമസഭാകക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നീക്കി. ശരദ് പവാര്‍ വിളിച്ചു ചേര്‍ത്ത എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനമായത്.

ജയന്ത് പാട്ടിലാണ് പുതിയ നിയമസഭാകക്ഷി നേതാവ്. ഉപമുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ യോഗം അജിത് പവാറിനോട് ആവശ്യപ്പെട്ടു.

അജിത് പവാറിനെ പിന്തുണയ്ക്കുന്ന എന്‍സിപി എംഎല്‍എമാരില്‍ ഏഴ് എംഎല്‍എമാരും ശരദ് പവാര്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്തു. ഒമ്പത് എംഎല്‍എമാരാണ് അജിത്തിനെ പിന്തുണച്ചിരുന്നത്. മൊത്തം 44 എംഎല്‍എമാരാണ് യോഗത്തില്‍ പങ്കെടുത്തത്.

അജിത് പവാറിനൊപ്പം പോയ രണ്ട് എന്‍.സി.പി എം.എല്‍.എമാരെ ശിവസേന തിരികെ എന്‍.സി.പി ക്യാംപിലെത്തിച്ചു. സഞ്ജയ് ബന്‍സോദിനെയും ബാബാസാഹേബ് പാട്ടീലിനെയുമാണ് വൈ.ബി ചവാന്‍ സെന്ററിലെത്തിച്ചത്.

മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് എം.എല്‍.എമാരെ തിരിച്ചെത്തിച്ചത്. ഇവരെ ബി.ജെ.പി ചാര്‍ട്ടേഡ് വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകാനിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ശിവസേന നേതാക്കളായ മിലിന്ദ് നര്‍വേകര്‍, ഏക്നാഥ് ഷിന്‍ഡെ എന്നിവരാണ് എം.എല്‍.എമാരെ തിരിച്ചെത്തിച്ചത്.

Top