ശരദ് പവാറുമായി അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തി അജിത് പവാറും സംഘവും

മുംബൈ : എൻസിപി പിളർത്തി ഒരു വിഭാഗം എംഎൽഎമാരുമായി സർക്കാരിന്റെ ഭാഗമായി രണ്ടാഴ്ച പിന്നിടുമ്പോൾ, പാർട്ടി സ്ഥാപകൻ ശരദ് പവാറുമായി അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തി അജിത് പവാറും സംഘവും. പാർട്ടി പിളർത്തിയ ശേഷം ഇതാദ്യമായാണ് അജിത് പവാർ ശരദ് പവാറിനെ കാണാനെത്തുന്നത്. വൈ.ബി. ചവാൻ സെന്ററിൽ ശരദ് പവാറിനെ കാണാനെത്തിയത് അനുഗ്രഹം തേടിയാണെന്ന് അജിത് പവാറിനൊപ്പമുള്ള മുതിർന്ന നേതാവ് പ്രഫുൽ പട്ടേൽ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. എൻസിപി ഒറ്റക്കെട്ടായി നിൽക്കണമെന്ന് അദ്ദേഹത്തോട് അഭ്യർഥിച്ചതായും പ്രഫുൽ പട്ടേൽ പറഞ്ഞു.

ജൂലെ 2നാണ് ഭരണകക്ഷിക്കൊപ്പം ചേർന്ന അജിത് പവാർ ഉൾപ്പെടെ പാർട്ടിയിലെ ഒൻപത് നേതാക്കൾ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. അജിത് പവാറിന് എത്ര എൻസിപി എംഎൽഎമാരുടെ പിന്തുണയുണ്ടെന്നത് ഇനിയും വ്യക്തമല്ല. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ ശരദ് പവാർ തങ്ങളുടെ ഭാഗം കേട്ടെങ്കിലും മറുപടിയൊന്നും പറഞ്ഞിട്ടില്ലെന്നും പട്ടേൽ വ്യക്തമാക്കി. നിയമസഭയുടെ വർഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് കൂടിക്കാഴ്ച നടന്നത്.

സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരായ ഒൻപത് എംഎൽഎമാരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ശരത് പവാർ വിഭാഗത്തിലുള്ള സുപ്രിയ സുലെ, ജയന്ത് പാട്ടിൽ, ജിതേന്ദ്ര അവ്ഹാദ് എന്നിവരും സന്നിഹിതരായിരുന്നു. പ്രതിപക്ഷത്തുനിന്നുള്ള എത്രപേരുടെ പിന്തുണ അജിത് പവാറിന് ഉണ്ടെന്നത് തിങ്കളാഴ്ച നിയമസഭാ സമ്മേളനം ആരംഭിച്ചാൽ മാത്രമേ വ്യക്തമാവുകയുള്ളൂ.

അതേസമയം, തങ്ങൾ ശരദ് പവാറിനൊപ്പമാണെന്നും എൻസിപി പ്രതിപക്ഷത്താണെന്നും അത്തരത്തിലാണ് സഭയിൽ സ്പീക്കർ തങ്ങൾക്ക് സീറ്റ് അനുവദിച്ചു നൽകിയിട്ടുള്ളതെന്നും ജയന്ത് പാട്ടീൽ പ്രതികരിച്ചു. കോൺഗ്രസിനും ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയ്ക്കുമൊപ്പമാണ് തങ്ങളെന്നും പാട്ടീൽ കൂട്ടിച്ചേർത്തു.

Top