ഛത്തീസ്‌ഗഢ്‌ മുന്‍ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു

റായ്പുര്‍ ഛത്തീസ്ഗഡിന്റെ ആദ്യ മുഖ്യമന്ത്രിയും ജനതാ കോണ്‍ഗ്രസ് ഛത്തീസ്‌ഗഢ്‌ (ജെ) നേതാവുമായ അജിത് ജോഗി അന്തരിച്ചു. 74 വയസ്സായിരുന്നു. റായ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചകഴിഞ്ഞാണ് മരണപ്പെട്ടത്. ഹൃദയാഘാതത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്നു.

പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ തളര്‍ന്നുവീണ ജോഗിയെ കഴിഞ്ഞ ദിവസമാണ് ശ്രീനാരായണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയോടു ശരീരം പ്രതികരിച്ചിരുന്നില്ല. ശ്വാസതടസ്സമുള്ളതിനാല്‍ തലച്ചോറിലേക്ക് ഓക്‌സിജന്‍ എത്തുന്നതു തടസ്സപ്പെട്ടിരുന്നു. നിലവില്‍ മര്‍വാഹി മണ്ഡലത്തിലെ ജനപ്രതിനിധിയാണ്.

ഛത്തീസ്‌ഗഢ് കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവായിരുന്നു അജിത് ജോഗി. ഐഎഎസില്‍ നിന്നു രാജിവച്ചാണ് കോണ്‍ഗ്രസ് അംഗമായി രാജ്യസഭയിലെത്തിയത്.

രാജീവ് ഗാന്ധിയാണ് രാഷ്ട്രീയത്തിലെത്തിച്ചത്. സംസ്ഥാനം രൂപീകരിച്ചപ്പോള്‍ ഛത്തീസ്ഗഡിലെ ആദ്യ മുഖ്യമന്ത്രിയായി. 2016ല്‍ കോണ്‍ഗ്രസില്‍ നിന്നു രാജിവെയ്ക്കുകയും ചെയ്തു. മകന്‍ അമിത് ജോഗിയെ സസ്‌പെന്‍ഡ് ചെയ്തതിനെത്തുടര്‍ന്നാണു ജോഗി കോണ്‍ഗ്രസ് വിട്ടത്.

തിരഞ്ഞെടുപ്പു പ്രചാണത്തിനിടെയുണ്ടായ വാഹനാപകടത്തെത്തുടർന്ന് വര്‍ഷങ്ങളായി ചക്രക്കസേരയില്‍ ഇരുന്നായിരുന്നു പൊതുപ്രവര്‍ത്തനം. സംസ്ഥാനം രൂപീകരിച്ച ശേഷമുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം കോണ്‍ഗ്രസിനെ നയിച്ച ജോഗി ‘ജനത കോണ്‍ഗ്രസ് ഛത്തീസ്ഗഡ്’ എന്ന സ്വന്തം പാര്‍ട്ടിയുമായാണു കഴിഞ്ഞതവണ രംഗത്തിറങ്ങിയത്.

Top