ജയ് ഷായ്ക്ക് പിന്നാലെ ഡോവലിന്റെ മകനെതിരെയും ഗുരുതര ആരോപണങ്ങളുമായി ദ വയര്‍

ന്യൂഡല്‍ഹി: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായ്ക്ക് പിറകേ ഇന്ത്യന്‍ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ ശൗര്യക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി ഓണ്‍ലൈന്‍ മാധ്യമമായ ദ വയര്‍ രംഗത്ത്.

ശൗര്യ മുഖ്യനടത്തിപ്പുകാരനായ ഇന്ത്യ ഫൗണ്ടേഷന്‍ എന്ന സംഘടനക്കെതിരെയാണ് വയര്‍ ഗുരുതര സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. വിദേശകമ്പനികളില്‍ നിന്ന് സംഘടനക്ക് അനധികൃതമായി സംഭാവനകള്‍ ലഭിക്കുന്നുവെന്നാണ് വയറിന്റെ മുഖ്യ ആരോപണം. ഇതിനായി ബി.ജെ.പി സര്‍ക്കാര്‍ വഴിവിട്ട സഹായം നല്‍കിയെന്നും വയര്‍ കുറ്റപ്പെടുത്തുന്നു. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്രമന്ത്രിസഭയിലെ സഹമന്ത്രിമാരായ ജയന്ത് സിന്‍ഹ, എം.ജെ.അക്ബര്‍ എന്നിവര്‍ ഇന്ത്യ ഫൗണ്ടേഷനില്‍ ഡയറക്ടര്‍മാരാണ്.

ഇന്ത്യ ആയുധ ഇടപാടുകള്‍ നടത്തുന്ന കമ്പനികളില്‍ നിന്ന് ഇന്ത്യ ഫൗണ്ടേഷന്‍ സംഭാവനകള്‍ സ്വീകരിക്കുന്നുണ്ട്. പ്രതിരോധ മന്ത്രി ഡയറക്ടറായ സംഘടന ഇത്തരത്തില്‍ സംഭാവനകള്‍ സ്വീകരിക്കുന്നത് ഗൗരവതരമാണ്. ഫൗണ്ടേഷന്റെ സെമിനാറുകളില്‍ ചിലത് സ്‌പോണ്‍സര്‍ ചെയ്തത് ബോയിങ് കമ്പനിയാണ്.

111 ബോയിങ് വിമാനങ്ങള്‍ വാങ്ങാനുള്ള 70,000 കോടിയുടെ കരാര്‍ സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടക്കുമ്പോഴാണ് ഇന്ത്യ ഫൗണ്ടേഷന് ബോയിങ് കമ്പനി സംഭാവന നല്‍കിയിരിക്കുന്നത്. കമ്ബനിയുടെ ഡയര്‍ക്ടര്‍മാരിലൊരാളായി വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയുമുണ്ടെന്നത് സംഘടനയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് സംശയങ്ങളുയര്‍ത്തുന്നുണ്ട്.

എന്നാല്‍ വരുമാന സ്രോതസുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യ ഫൗണ്ടേഷന്‍ വ്യക്തമാക്കിയിട്ടില്ല. കോണ്‍ഫറന്‍സുകളും ജേണലുകളില്‍ പ്രസിദ്ധീകരിക്കുന്ന പരസ്യവുമാണ് പ്രധാന വരുമാനമാര്‍ഗമെന്നു ശൗര്യ ഡോവല്‍ പറയുന്നു. എന്നാല്‍ കാര്യമായി ജേണലുകളില്‍ പരസ്യമില്ലെന്ന് വയര്‍ ആരോപിക്കുന്നു.

എന്നിട്ടും ന്യൂഡല്‍ഹിയിലെ സമ്പന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ വാടക, ജീവനക്കാരുടെ ശമ്പളം എന്നിവ എങ്ങനെ നല്‍കുന്നു എന്നത് ചോദ്യചിഹ്‌നമാവുകയാണ്.

Top