മോദിയുടെ ‘ബുദ്ധികേന്ദ്രം’ ലീഡറുടെ പഴയ വിശ്വസ്തനായ ഐ.പി.എസ് ഉദ്യോഗസ്ഥൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയത്തിന് പിന്നില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും. രാഷ്ട്രീയ തന്ത്രത്തില്‍ അമിത്ഷായും മാര്‍ഗനിര്‍ദേശത്തിലൂടെ ഡോവലുമാണ് മോദി മുന്നേറ്റത്തിന് ചുക്കാന്‍പിടിച്ചത്.

ബാലാകോട്ടിലെ മിന്നലാക്രമണത്തിലൂടെ നരേന്ദ്രമോദിക്ക് പ്രധാനമന്ത്രിപദത്തിലെ രണ്ടാമൂഴം സമ്മാനിച്ചതിന്റെ ബുദ്ധികേന്ദ്രം അജിത് ഡോവലായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് പാക്കിസ്ഥാനില്‍ കയറി ബോംബ് ഇടണമെന്ന് പറഞ്ഞത് ഈ സുരക്ഷാ ഉപദേഷ്ടാവ് ആയിരുന്നു.

പാക്കിസ്ഥാനെതിരെ യുദ്ധം വിജയിച്ചപ്പോള്‍ ഇന്ദിരാഗാന്ധിക്കു ലഭിച്ച വീരപരിവേഷം മോദിക്കും ലഭിക്കുമെന്നായിരുന്നു ഡോവലിന്റെ വിലയിരുത്തല്‍. ഈ കണക്ക് കൂട്ടലുകളാണിപ്പോള്‍ ശരിയായിരിക്കുന്നത്. സുവര്‍ണക്ഷേത്രത്തില്‍ തമ്പടിച്ച സിക്ക് തീവ്രവാദികളെ തുരത്താന്‍ അവരുടെ വേഷം കെട്ടി സുവര്‍ണക്ഷേത്രത്തില്‍ കടന്ന് നിര്‍ണായക രഹസ്യവിവരങ്ങള്‍ ഇന്ദിരാഗാന്ധിക്ക് കൈമാറിയത് അജിത് ഡോവലായിരുന്നു. ഡോവല്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബ്ലൂസ്റ്റാര്‍ ഓപ്പറേഷനിലൂടെ ഇന്ദിരാഗാന്ധി സുവര്‍ണക്ഷേത്രം ഭീകരവാദികളില്‍ നിന്നും മോചിപ്പിച്ച് ഖാലിസ്ഥാന്‍ ഭീകരവാദത്തെ അടിച്ചമര്‍ത്തിയിരുന്നത്.

അജിത് ഡോവല്‍ എന്ന കേരള കേഡര്‍ പോലീസ് ഉദ്യോഗസ്ഥന്റെ കഴിവ് കണ്ടെത്തിയത് ലീഡര്‍ കെ. കരുണാകരനായിരുന്നു. 1971 ലെ തലശേരി കലാപം അമര്‍ച്ച ചെയ്യാന്‍ അന്ന് മുഖ്യമന്ത്രിയായ കെ. കരുണാകരന്‍ അവിടത്തെ എ.എസ്.പി. ആയി അയച്ചത് ഡോവലിനെ ആയിരുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷണറായി ഏഴുവര്‍ഷക്കാലം പാകിസ്താനിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 33 വര്‍ഷവും ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിലാണ് ഡോവല്‍ ജോലി ചെയ്തിരുന്നത്. പത്തുവര്‍ഷം ഐ.ബി.യുടെ ഓപ്പറേഷന്‍ വിംഗിന്റെ തലവനുമായിരുന്നു.

1999-ല്‍ നടന്ന ഖാണ്ഡഹാര്‍ വിമാന റാഞ്ചലില്‍ ഭീകരരുമായി ആശയവിനിമയം നടത്തി ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും ഡോവലായിരുന്നു. പഞ്ചാബ്, ജമ്മുകാശ്മീര്‍, ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലകള്‍ എന്നിവിടങ്ങളിലെല്ലാം നിര്‍ണ്ണായക സാഹചര്യങ്ങളുണ്ടായപ്പോള്‍ അജിത് ഡോവല്‍ നിയമിക്കപ്പെട്ടിരുന്നു. ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ദൂതനായും ഡോവലിനെ ഇന്ത്യ നിയമിച്ചിരുന്നു. മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നാഗാ തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം കൊന്നൊടുക്കിയതിന് പിന്നിലും ഡോവലിന്റെ കരങ്ങളുണ്ടായിരുന്നു.

2005ല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷം ആര്‍.എസ്.എസ് താത്വികനായ, മലയാളി പി. പരമേശ്വര്‍ജിയുടെ നേതൃത്വത്തിലുള്ള കന്യാകുമാരിയിലെ വിവേകാനന്ദ പഠനകേന്ദ്രത്തിന്റെ ഡയറക്ടറായും അദ്ദേഹം പ്രവര്‍ത്തിച്ചു.

രണ്ടാം യു.പി.എ സര്‍ക്കാരില്‍ അണ്ണാ ഹസാരെയുടെയും ബാബാ രാംദേവിന്റെയും നേതൃത്വത്തില്‍ അഴിമതിക്കെതിരെ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്നിലും ബുദ്ധികേന്ദ്രമായി ഡോവലുണ്ടായിരുന്നു. 2014ല്‍ മോദി പ്രധാനമന്ത്രിയായതോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ഡോവലിനെ തന്നെ നിയമിച്ചു. അന്നു മുതല്‍ മോദിയുടെ വിശ്വസ്ഥനായി ദേശീയ സുരക്ഷയില്‍ അവസാന വാക്കായി ഡോവല്‍ ഒപ്പമുണ്ട്.

തീവ്രഹിന്ദുത്വത്തിനു പകരം ദേശീയത ഉയര്‍ത്തിയ ബി.ജെ.പിയുടെ പ്രചരണ തന്ത്രമാണ് ഇത്തവണ ഹിന്ദി ഹൃദയഭൂമിയായ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് മിന്നുന്ന വിജയം സമ്മാനിച്ചത്. പാക്കിസ്ഥാനെതിരെ ഹിന്ദി ഹൃദയഭൂമിയില്‍ കത്തിനില്‍ക്കുന്ന പ്രതിഷേധം വോട്ടാക്കി മാറ്റാനായതാണ് ഇതില്‍ പ്രധാനം.

പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹത്തിനുനേരെ ആക്രമണം നടത്തി 49 ജവാന്‍മാരുടെ ജീവനെടുത്ത ഭീകരവാദികളെ പാക്കിസ്ഥാനിലെ അവരുടെ താവളത്തിലെത്തി ബോംബിട്ടു തകര്‍ത്താണ് മിന്നലാക്രമണത്തിലൂടെ ഇന്ത്യ തിരിച്ചടി നല്‍കിയത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പതിമൂന്നാം ദിവസമാണ് ഇന്ത്യ പാക്കിസ്ഥാനില്‍ മിന്നലാക്രമണം നടത്തിയത്.


അജിത് ഡോവലിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സുരക്ഷാസേന മിന്നലാക്രമണം വിജയമാക്കിയപ്പോള്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ അത് പ്രധാന പ്രചരണ ആയുധവുമാക്കി. മുംബൈ ഭീകരാക്രമണത്തില്‍പോലും തിരിച്ചടിക്കാത്ത കോണ്‍ഗ്രസ് സര്‍ക്കാരിനു മുന്നില്‍ ബാലാകോട്ട് മിന്നലാക്രമണത്തിലൂടെ നരേന്ദ്രമോദി വീരനായകനായി മാറുകയായിരുന്നു.

നോട്ട്നിരോധനം, ജി.എസ്.ടി, റാഫേല്‍ അഴിമതി അടക്കമുള്ള കോണ്‍ഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ആരോപണശരങ്ങളൊന്നും മോദിയെ ഏശിയതുമില്ല.പാക് വിമാനങ്ങളെ തുരത്തുന്നതിനിടെ വിമാനം തകര്‍ന്ന് പാക് സൈന്യത്തിന്റെ പിടിയിലായ ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദനെ മോചിപ്പിച്ചതും ഡോവലിന്റെ നേതൃത്വത്തിലൂടെയുള്ള നീക്കത്തിലൂടെയായിരുന്നു.

മുബൈ ഭീകരാക്രമണം, പുല്‍വാമ ഭീകരാക്രമണം എന്നിവയുടെയെല്ലാം സൂത്രധാരനായ മസൂദ് അസറിനെ ഐക്യരാഷ്ട്ര സഭയെക്കൊണ്ട് ആഗോള ഭീകരനായി പ്രഖ്യാപിച്ചതിനു പിന്നിലും ഡോവലിന്റെ തന്ത്രപരമായ നീക്കങ്ങളുണ്ടായിരുന്നു. മോദി പ്രധാനമന്ത്രിപദത്തില്‍ രണ്ടാം തവണയും സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ വലംകൈയ്യായി സുരക്ഷാ ഉപദേഷ്ടാവിന്റെ സ്ഥാനത്ത് അജിത് ഡോവല്‍ ഇനിയുമുണ്ടാകും. രാജ്യത്തിന്റെ സുരക്ഷയിലും രാഷ്ട്രീയത്തിലും മോദിക്ക് മാര്‍ഗനിര്‍ദേശിയായി തന്നെ.

Top