ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ അജിത് അഗാര്‍ക്കറിന് റെക്കോര്‍ഡ് ശമ്പളം

ന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി ബി.സി.സി.ഐ നിയമിച്ച അജിത് അഗാര്‍ക്കറിന് റെക്കോര്‍ഡ് ശമ്പളം. പദവി ഏറ്റെടുക്കാന്‍ ആദ്യം വിസ്സമതിച്ച അഗാര്‍ക്കര്‍, ശമ്പളം വര്‍ധിപ്പിക്കാമെന്ന ബി.സി.സി.ഐ നിര്‍ദേശത്തിനു പിന്നാലെയാണ് ഒടുവില്‍ തയാറായത്. നിലവില്‍ ചെയര്‍മാന്റെ ഒരു വര്‍ഷത്തെ ശമ്പളം ഒരു കോടി രൂപയാണ്. പാനലിലെ മറ്റു നാലു അംഗങ്ങള്‍ക്ക് 90 ലക്ഷം രൂപ വീതവുമാണ് നല്‍കുന്നത്. ചെയര്‍മാന്റെ ശമ്പളം ഒരു കോടിയില്‍നിന്ന് മൂന്നു കോടി രൂപയായി ഉയര്‍ത്താന്‍ ബി.സി.സി.ഐ തീരുമാനിച്ചതായാണ് പുറത്തുവരുന്ന വിവരം. ശിവസുന്ദര്‍ ദാസ്, സലില്‍ അങ്കോള, സുബ്രതോ ബാനര്‍ജി, എസ്. ശരത് എന്നിവരടങ്ങുന്ന സെലക്ഷന്‍ പാനലിന്റെ അധ്യക്ഷനായാണ് 45കാരനായ മുന്‍ ഓള്‍റൗണ്ടര്‍ എത്തുന്നത്.

സെലക്ഷന്‍ പാനലിലെ മറ്റു അംഗങ്ങളുടെ ശമ്പളത്തിലും ആനുപാതിക വര്‍ധനയുണ്ടാകും. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം സെപ്റ്റംബറില്‍ നടക്കുന്ന ബി.സി.സി.ഐ വാര്‍ഷിക ജനറല്‍ ബോഡിയില്‍ കൈക്കൊള്ളും. ചീഫ് സെലക്ടറായിരുന്ന ചേതന്‍ ശര്‍മ ഫെബ്രുവരിയില്‍ ഒളികാമറ വിവാദത്തില്‍പെട്ട് പുറത്തായിരുന്നു. ശിവസുന്ദര്‍ ദാസാണ് ഇടക്കാല ചീഫ് സെലക്ടറുടെ റോള്‍ വഹിച്ചിരുന്നത്. മുംബൈ സെലക്ഷന്‍ കമ്മിറ്റിയുടെ തലവനായിരുന്നു നേരത്തെ അഗാര്‍ക്കര്‍. ട്വന്റി20 മത്സരങ്ങള്‍ ഉള്‍പ്പെടെ കളിച്ചതിന്റെ അനുഭവ പരിചയം കണക്കിലെടുത്താണ് അഗാര്‍ക്കറിനെ ബി.സി.സി.ഐ പരിഗണിച്ചത്. ഇന്ത്യക്ക് വേണ്ടി 191 ഏകദിനങ്ങളും 26 ടെസ്റ്റുകളും കളിച്ചിട്ടുണ്ട് അഗാര്‍ക്കര്‍. കൂടാതെ, 42 ഐ.പി.എല്‍ മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ട്വന്റി20 ടീമിനെ പ്രഖ്യാപിച്ചത് പുതിയ കമ്മിറ്റിയാണ്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

Top