മുംബൈ: മഹേന്ദ്ര സിങ് ധോണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം അജിത് അഗാര്‍ക്കര്‍. ഓസീസിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തോറ്റത് മുന്‍ നായകന് മഹേന്ദ്ര സിങ് ധോണി കാരണമാണെന്നാണ് അഗാര്‍ക്കര്‍ പറഞ്ഞത്.
ആദ്യ ഏകദിനത്തില്‍ ഓസീസിന്റെ 289 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 34 റണ്‍സിന്റെ തോല്‍വി വഴങ്ങിയിരുന്നു.തുടക്കത്തില്‍ നാലു റണ്‍സിന് ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയും ധവാനും റായിഡുവും കൂടാരം കയറിയിരുന്നു. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മഹേന്ദ്ര സിങ് ധോണിയും ഓപ്പണര്‍ രോഹിത് ശര്‍മ്മയുമാണ് ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറില്‍ 254 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
മത്സരത്തില്‍ ധോണി 96 പന്തില്‍ നിന്നാണ് 51 റണ്‍സ് നേടിയത്. ധോണിയുടെ ഇന്നിങ്സിലെ മെല്ലെപ്പോക്ക് സ്കോറിങ്ങിനെ കാര്യമായി ബാധിച്ചെന്നാണ് വിമര്‍ശനം. ധോണിയുടെ സ്ട്രൈക്ക് റേറ്റ് നിരാശജനകമാണെന്നും ഏകദിന മത്സരത്തിന് യോജിച്ചതല്ലെന്നുമായിരുന്നു അഗാര്‍ക്കറുടെ വിമര്‍ശനം.സമ്മര്‍ദ്ദ ഘട്ടത്തില്‍ ക്രീസിലെത്തിയാല്‍ ആദ്യത്തെ കുറച്ചു പന്തുകളില്‍ റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടിയേക്കും. 25-30 പന്തുകള്‍ വരെയൊക്കെ ഈ കാരണം പറയാം. എന്നാല്‍ ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞും ഈ മെല്ലെപ്പോക്ക് തുടരുന്നതില്‍ ന്യായീകരണമില്ലെന്ന് അഗാര്‍ക്കര്‍ പറയുന്നു.
രോഹിത് ഒറ്റയ്ക്ക് 288 റണ്‍സെടുക്കാന്‍ കഴിവുള്ള താരമാണ്. അദ്ദേഹത്തിന് ആവശ്യമായ പിന്തുണ നല്കാന് ധോണിക്ക് സാധിച്ചില്ല, ക്രീസില്‍ നിലയുറപ്പിച്ച ശേഷം ധോണി സ്കോറിങ് വേഗം കൂട്ടണമായിരുന്നു എന്നും അഗാര്‍ക്കര്‍ കുറ്റപ്പെടുത്തി.
ധോണി അര്‍ധ സെഞ്ച്വറി നേടിയെന്നതൊക്കെ സത്യം.എന്നാല്‍ നൂറിനടുത്ത് പന്തുകളാണ് കളിച്ചത്. ഏകദിനത്തില്‍ 100 പന്തുകള്‍ എന്നത് ചില്ലറ സംഖ്യയല്ല. ധോണിയുടെ ഈ അര്‍ധ സെഞ്ചുറി മത്സരം ഫിനിഷ് ചെയ്യാന്‍ രോഹിത്തിനെ സഹായിച്ചില്ല, അഗാര്‍ക്കര്‍ പറഞ്ഞു.