ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റിലും അജിങ്ക്യ രഹാനെ നായകനാവണമെന്ന് ആവശ്യം

മുംബൈ: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ നായക സ്ഥാനം ഏറ്റെടുത്ത് ഓസ്ട്രേലിയൻ പരമ്പര സ്വന്തമാക്കിയ അജിങ്ക്യ രഹാനെയെ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റിലും നായകസ്ഥാനത്തു നിന്ന് മാറ്റരുതെന്ന് ആവശ്യം. ഇംഗ്ലണ്ടിനെതിരെയുള്ള നാലു ടെസ്റ്റുകളുടെ പരമ്പര ഫെബ്രുവരി അഞ്ചിനാണ് തുടങ്ങുന്നത്. ചൊവ്വാഴ്ച പ്രഖ്യാപിച്ച ടീമില്‍ കോലി ക്യാപ്റ്റനും രഹാനെ വൈസ് ക്യാപ്റ്റനുമാണ്. ഓസ്‌ട്രേലിയയില്‍ ചരിത്രവിജയം നേടിയ രഹാനെയെ നായകസ്ഥാനത്തു നിന്ന് മാറ്റരുതെന്നാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ അടക്കമുള്ളവരുടെ അഭിപ്രായം. നായകസ്ഥാനം ഇല്ലെങ്കില്‍ കോലിയുടെ ബാറ്റിങ് ഇനിയും ഏറെ മെച്ചപ്പെടുമെന്നും വാദമുണ്ട്. രഹാനെ നയിച്ച അഞ്ചു ടെസ്റ്റിലും ഇന്ത്യ തോറ്റിട്ടില്ല. നേരത്തെ ഇന്ത്യന്‍ കോച്ച് രവിശാസ്ത്രിയും രഹാനെയുടെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു.

വിരാട് കോലി നയിച്ച ആദ്യ ടെസ്റ്റില്‍ 36 റണ്‍സിന് ഓള്‍ഔട്ടായ ടീമിനെ അടുത്ത കളിയില്‍ സെഞ്ചുറി നേടി കൊണ്ടാണ് രഹാനെ വിജയത്തിലെത്തിച്ചത്. രഹാനെയുടെ പിഴവില്ലാത്ത തീരുമാനങ്ങളും പോസിറ്റീവ് സമീപനവും പരമ്പരയിലുടനീളം ശ്രദ്ധിക്കപ്പെട്ടിരുന്നു.

Top