എറണാകുളത്ത് പത്ത് വയസുകാരനെ കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം

എറണാകുളം: പുല്ലേപ്പടിയില്‍ പത്ത് വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അജി ദേവസിക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ചു. 25,000 രൂപയാണ് പിഴ തുക. കുട്ടിയുടെ മാതാവിനാണ് പിഴ തുക ലഭിക്കുക.

2016ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എറണാകുളം പുല്ലേപ്പടിയിലാണ് പത്ത് വയസുകാരനായ ക്രിസ്റ്റിയെ കടയില്‍ നിന്ന് മടങ്ങും വഴി അയല്‍വാസിയായ അജി ദേവസി കുത്തിയത്.ലഹരിക്ക് അടിമയായിരുന്ന അജി കുടുംബാംഗങ്ങളെ ഉപദ്രവിക്കുമ്പോള്‍ അവരുടെ രക്ഷക്കെത്തിയത് അയല്‍വാസിയായ ജോണ്‍ ആയിരുന്നു. ലഹരിമരുന്ന് വാങ്ങാനും പണം ചോദിച്ചുതുടങ്ങിയപ്പോള്‍ ജോണ്‍ ഒഴിവാക്കി. ഇതോടെതോന്നിയ വൈരാഗ്യമാണ് ജോണിന്റെ മകന്‍ റിസ്റ്റിയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

കുട്ടിയെ ഇടതുകൈ കൊണ്ട് വട്ടം ചുറ്റിപ്പിടിച്ച ഇയാള്‍ കഴുത്തില്‍ തുടര്‍ച്ചയായി കുത്തുകയായിരുന്നു. പിടിവലിക്കിടയില്‍ കുട്ടിയുടെ ശരീരത്തില്‍ പലയിടത്തായി മുറിവേറ്റു. കഴുത്തില്‍ കുത്തേറ്റതിനാല്‍ കുട്ടിക്ക് കരയാന്‍ പോലും സാധിച്ചില്ല. ആദ്യം ഇവിടേക്ക് ഓടിയെത്തിയത് റിസ്റ്റിയുടെ അമ്മ ലിനിയും സഹോദരന്‍ ഏബിളുമാണ്. പിന്നാലെ തന്നെ അച്ഛന്‍ ജോണും എത്തി. ലിനിയാണ് കുട്ടിയുടെ കഴുത്തില്‍ കുത്തിനിര്‍ത്തിയ കത്തി വലിച്ചൂരിയത്. സെന്റ് ആല്‍ബര്‍ട്സ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു റിസ്റ്റി.

കഴുത്തിന് കുത്തേറ്റ ക്രിസ്റ്റിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 17 കുത്തുകളാണ് ക്രിസ്റ്റിയുടെ കഴുത്തിന് ചുറ്റം ഏറ്റത്. നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അയല്‍വാസി അജിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Top