ലോണ്‍ ആപ്പ് ആത്മഹത്യ; അജയ് മരിക്കുന്നതിന് 5 മിനിറ്റ് മുമ്പും ഭീഷണി സന്ദേശമെത്തി

വയനാട്: വയനാട് അരിമുള സ്വദേശി അജയ് രാജിന്റെ ആത്മഹത്യയില്‍ പൊലീസ് കുടുംബത്തിന്റെ വിശദമായ മൊഴി രേഖപ്പെടുത്തും. ലോണ്‍ ആപ്പില്‍ നിന്ന് പണം കടമെടുത്തതിന് പിന്നാലെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ അയച്ചുള്ള ഭീഷണിയും ആത്മഹത്യയ്ക്ക് പ്രേരണയായെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിക്കുന്നതിന് അഞ്ച് മിനുറ്റ് മുമ്പ് പോലും അജയ് രാജിന് ഭീഷണി സന്ദേശം വന്നിരുന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍.

ക്യാന്‍ഡി ക്യാഷ് എന്ന ആപ്പ് വഴിയാണ് അജയ് രാജ് കടമെടുത്തത്. അജയ് രാജിന്റെ ഫോണ്‍ പരിശോധിച്ച് ഇതെല്ലാം തെളിവായി ഉറപ്പിക്കാനാകും പൊലീസിന്റെ ശ്രമം. അജയ് രാജ് നാട്ടിലെ സുഹൃത്തുക്കളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും കടം വാങ്ങിയിട്ടുണ്ട്. പൊലീസിന്റെ അന്വേഷണ പരിധിയില്‍ ഇതും ഉള്‍പ്പെടും. കടമെടുത്ത പണം തിരിച്ചടച്ചിരുന്നോ, എന്നിട്ടും ഭീഷണി തുടര്‍ന്നോ തുടങ്ങിയ കാര്യത്തില്‍ വ്യക്തത വരുത്താനും ശാസ്ത്രീയ പരിശോധന അനിവാര്യമാണ്.

കടമക്കുടിയിലെ ഓണ്‍ലൈന്‍ വായ്പാക്കെണി കേസിലും ശാസ്ത്രീയപരിശോധനയ്ക്ക് ഒരുങ്ങുകയാണ് പൊലീസ്. ആത്മഹത്യ ചെയ്ത ദമ്പതികളുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനക്കയച്ചു. തുടരന്വേഷണത്തില്‍ ഈ വിവരങ്ങള്‍ നിര്‍ണായകമാകും. കാക്കനാട് ലാബില്‍ നിന്നും പരമാവധി വേഗത്തില്‍ പരിശോധന ഫലം ലഭ്യമാക്കാനാണ് പൊലീസിന്റെ ശ്രമം. ആത്മഹത്യ ചെയ്ത നിജോയുടെയും ശില്‍പയുടെയും സാമ്പത്തിക ഇടപാടുകള്‍, ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പ്, തട്ടിപ്പ് സംഘവുമായി നടത്തിയ ഇടപാടുകള്‍ എന്നിവയാണ് പരിശോധിക്കുക. തട്ടിപ്പ് സംഘം അയച്ച സന്ദേശങ്ങള്‍ നഷ്ടപ്പെട്ടിടുണ്ടെങ്കില്‍ വീണ്ടെടുക്കാനാണ് ശ്രമം.

Top