കര്‍ഷകര്‍ തുനിഞ്ഞാല്‍ രക്ഷയ്ക്ക് മോദിയുമെത്തില്ല; ബിജെപി സമ്മര്‍ദ്ദത്തില്‍, അജയ് മിശ്ര തെറിക്കും

ന്യൂഡല്‍ഹി: ലഖിംപൂരില്‍ കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെ അജയ് മിശ്രയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തി. കൊലപാതകത്തിന് പിന്നില്‍ മകന്‍ ആശിഷ് മിശ്രയാണെന്ന് തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അജയ് മിശ്രയ്ക്ക് മേല്‍ രാജി സമ്മര്‍ദ്ദമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കൂടിക്കാഴ്ച.

നിലവിലെ സാഹചര്യത്തെ കുറിച്ച് 40 മിനിറ്റോളം ചര്‍ച്ച നടത്തി. ചൊവ്വാഴ്ച രാത്രി വരെ ലഖിംപൂര്‍ ഖേരിയില്‍ ഉണ്ടായിരുന്ന മിശ്ര ഇന്ന് രാവിലെയാണ് ഡല്‍ഹിയില്‍ എത്തിയത്. 11 മണിയോടെ ഷായുടെ ഓഫീസില്‍ എത്തിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കൊലപാതകത്തില്‍ മകന് പങ്കില്ലെന്ന് അജയ് മിശ്ര അവകാശപ്പെടുന്നുണ്ടെങ്കിലും സംഭവത്തില്‍ ആശിഷ് മിശ്രയ്ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ എടുത്തിട്ടുണ്ട്. കര്‍ഷകരെ ഇടിച്ചുകൊന്ന വാഹനത്തിനുള്ളില്‍ ആശിഷ് മിശ്ര ഉണ്ടായിരുന്നെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ആശിഷ് മിശ്ര കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തതായും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്.

അതിനാല്‍ തന്നെ അജയ് മിശ്രയ്ക്കുമേല്‍ രാജി സമ്മര്‍ദ്ദമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. മാത്രമല്ല, മകന്‍ കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ രാജി വെക്കുമെന്ന് അദ്ദേഹം തന്നെ വെല്ലുവിളിച്ചിരുന്നു.

എന്തൊക്കെ സംഭവിച്ചാലും ബിജെപി പിന്താങ്ങുമെന്ന ഉറച്ച വിശ്വാസത്തിന്മേല്‍ വെല്ലുവിളികള്‍ നടത്തിയ അജയ് മിശ്രയെ പക്ഷേ പാര്‍ട്ടി കയ്യൊഴിഞ്ഞ അവസ്ഥയാണ്.

ലഖിംപുര്‍ സംഘര്‍ഷത്തില്‍ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയ്ക്ക് വീഴ്ച പറ്റിയെന്ന് തന്നെയാണ് ബിജെപിയുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പിന് മുമ്പ് അനാവശ്യ വിവാദം ഉണ്ടാക്കിയെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് അജയ്മിശ്രയുടെ വാദം. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന വാദവും മന്ത്രി തള്ളിക്കളഞ്ഞു.

അജയ് മിശ്ര രാജിവയ്ക്കണമെന്ന നിലപാടാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്വീകരിച്ചത്. അജയ് മിശ്രയുടെ മകനെതിരെയുള്ള ആരോപണം ഗുരുതരമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

എസി മുറി വിട്ട് രാഹുലും പ്രിയങ്കയും കളത്തിലിറങ്ങിയതും സംഭവം വന്‍ ദേശീയ ശ്രദ്ധ നേടി. അതിനാല്‍ തന്നെ കേന്ദ്രമന്ത്രിയെ പിന്താങ്ങുകയെന്നത് ബിജെപി ചിന്തിക്കാന്‍ പോലും സാധിക്കാത്ത കാര്യമായി മാറി.

അജയ് മിശ്രയോട് യാതൊരു ദാക്ഷണ്യവുമില്ലെന്നാണ് കര്‍ഷകരും വ്യക്തമാക്കിയിരിക്കുന്നത്. പാര്‍ട്ടിയുടെ പിന്തുണ ലഭിച്ചാല്‍ കൂടി മന്ത്രിയെ കസേരയില്‍ നിന്നിറക്കുമെന്ന ദൃഢനിശ്ചയത്തിലാണ് കര്‍ഷകര്‍. മരിച്ച കര്‍ഷകരുടെ ജീവനു പകരമാകില്ലെങ്കിലും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതേ വിടില്ലെന്ന നിലപാട് തന്നെയാണ് കര്‍ഷകര്‍ സ്വീകരിച്ചിരിക്കുന്നത്.

Top