ആര്‍ആര്‍ആറില്‍ അജയ് ദേവ്ഗണ്‍; മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

ബാഹുബലിക്ക് ശേഷം രാജമൗലിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആര്‍ആര്‍ആര്‍ ചിത്രത്തിലെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ഇന്ന് അജയ് ദേവ്ഗണിന്റെ ജന്മദിനത്തില്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് താരത്തിന്റെ ആര്‍ആര്‍ആര്‍ ലുക്കാണ് മോഷന്‍ പോസ്റ്ററില്‍ അവതരിപ്പിക്കുന്നത്.

പത്ത് ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രത്തില്‍ അജയ് ഗേവ്ഗണിനൊപ്പം ജൂനിയര്‍ എന്‍ടിആര്‍, ആലിയ ഭട്ട്, രാം ചരണ്‍ എന്നിവരും മുഖ്യതാരങ്ങളാകുന്നു. ആലിയ ഭട്ടിന്റെ പിറന്നാളിന് പുറത്തിറങ്ങിയ നടിയുടെ സീത ലുക്കും രാം ചരണിന് ജന്മദിനാശംസ അറിയിച്ചുകൊണ്ട് പുറത്തുവിട്ട താരത്തിന്റെ ലുക്കും ഗംഭീര പ്രതികരണം നേടിയിരുന്നു. ഒലീവിയ മോറിസ്, ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജര്‍ ജോണ്‍സണ്‍, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

കെ.കെ സെന്തില്‍ കുമാര്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് എം.എം. കീരവാണിയാണ്. വി. വിജയേന്ദ്ര പ്രസാദാണ് ബഹുഭാഷ ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ഈ വര്‍ഷം ഒക്ടോബര്‍ 13ന് റിലീസ് ചെയ്യുന്ന ആര്‍ആര്‍ആറിന്റെ വടക്കേ ഇന്ത്യയിലെ വിതരണാവകാശം പെന്‍മൂവിസ് സ്വന്തമാക്കിയിരുന്നു. വന്‍ തുകക്ക് ചിത്രത്തിന്റെ ഡിജിറ്റല്‍, ഇലക്ട്രോണിക്‌സ്, സാറ്റലൈറ്റ് അവകാശങ്ങള്‍ ജയന്തിലാലിന്റെ പെന്‍മൂവീസിന് നല്‍കിയെന്നാണ് സൂചന.

 

Top