പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇന്ത്യയില്‍ നികുതി വേണ്ട; വേണമെങ്കില്‍ നിയമം ഭേദഗതി ചെയ്യും

ന്യൂഡല്‍ഹി: യുഎഇയിലും ബെഹ്‌റിനിലുമുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇന്ത്യയില്‍ നികുതി അടക്കേണ്ടതില്ലെന്ന് റവന്യൂ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡേ. ആവശ്യമെങ്കില്‍ ഇതിനായി നിയമങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അജയ് ഭൂഷണ്‍ പാണ്ഡേ ദ പ്രിന്റിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

നേരത്തെ പ്രവാസി ഇന്ത്യക്കാരും ആദായനികുതിയുടെ പരിധിയിലാകുമെന്ന കേന്ദ്രബജറ്റിലെ തീരുമാനത്തില്‍ കേന്ദ്രധനകാര്യമന്ത്രാലയം വിശദീകരണവുമായി എത്തിയിരുന്നു. വിദേശത്ത് നേടുന്ന വരുമാനത്തിന് ഇന്ത്യയില്‍ ആര്‍ക്കും നികുതി നല്‍കേണ്ടി വരില്ലെന്ന് നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി. വിദേശത്ത് നികുതിയില്ല എന്നതുകൊണ്ട് ഇന്ത്യയില്‍ നികുതിയീടാക്കില്ല.

പ്രവാസിക്ക് ഇന്ത്യയില്‍ നിന്ന് എന്തെങ്കിലും വരുമാനമുണ്ടെങ്കില്‍ അതിന് നികുതി നല്‍കണം. വിദേശത്തുള്ള ആസ്തിക്ക് ഇന്ത്യയില്‍ എന്തെങ്കിലും വരുമാനം ലഭിച്ചാല്‍ അതിനും നികുതി നല്‍കേണ്ടി വരും. അതല്ലാതെ വിദേശത്ത് നിന്ന് നേടുന്ന വരുമാനത്തിന് ഒരു നികുതിയും നല്‍കേണ്ട എന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കുന്നത്.

120 ദിവസമോ അതില്‍ കൂടുതലോ ഇന്ത്യയില്‍ താമസിക്കുന്നവര്‍ നികുതി നല്‍കണമെന്നതാണ് ബജറ്റിലെ നിര്‍ദേശം. നേരത്തേ 182 ദിവസം ഇന്ത്യക്ക് പുറത്ത് താമസിക്കുന്നവരെയാണ് പ്രവാസിയായി കണക്കാക്കിയിരുന്നത്. അതാണിപ്പോള്‍ 240 ദിവസമായി കൂട്ടിയത്. നികുതി ഇല്ലാത്ത രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് നികുതി ബാധകമാകുക എന്ന പ്രഖ്യാപനം വന്നതോടെ ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്ന എല്ലാവരും നികുതി നല്‍കേണ്ടി വരുമോ എന്ന ആശങ്കയിലായിരുന്നു. എന്തായാലും, ഇന്ത്യയിലെ വരുമാനത്തിനും സ്വത്തിനുമാണ് നികുതി നല്‍കേണ്ടിവരിക എന്ന വിശദീകരണം വന്നതോടെ ആ കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്.

Top