മോദിയുടെ ‘ഗ്യാരണ്ടി’ കേരളത്തിൽ വിലപ്പോവില്ലന്ന് എ.ഐ.വൈ.എഫ്, തൃശൂർ ഉൾപ്പെടെ ഇടതുപക്ഷം വിജയിക്കുമെന്ന്

വികസനത്തിന്റെ വെളിച്ചം എത്താത്ത പ്രദേശങ്ങളിൽ നടത്തുന്ന പ്രസംഗമായെ പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശ്ശൂരിൽ നടത്തിയ പ്രസംഗത്തെ വിലയിരുത്താൻ കഴിയു എന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എന്‍. അരുൺ. എക്സ്പ്രസ് കേരളയോട് നടത്തിയ പ്രതികരണത്തിലാണ് അരുണിന്റെ പരാമർശം. കേരളത്തിന് പുതുമയുള്ള ഒരു കാര്യവും പ്രധാനമന്ത്രി തൃശ്ശൂരിൽ പറഞ്ഞില്ലെന്നും അരുൺ ചൂണ്ടിക്കാട്ടി. സ്ത്രീ ശാക്തീകരണത്തിന് ലോകത്തിന് തന്നെ മാതൃകയാണ് കേരളം. പതിതാണ്ടുകൾക്ക് മുൻപ് കേരളം കൈവരിച്ച നേട്ടങ്ങളാണ് അദ്ദേഹം ഇവിടെ നടപ്പാക്കുമെന്ന് പറഞ്ഞത്. ഉത്തരേന്ത്യയിലെ നഗരങ്ങളിൽ നടത്തേണ്ട പ്രസംഗം ആണിത്. തൃശ്ശൂരിൽ ഇത്തരം ഒരു പ്രസംഗം നടത്തികൊണ്ട് പ്രധാനമന്ത്രി സ്വയം അപഹാസ്യനാകുക ആണ് ചെയ്തതെന്നും അരുൺ വിമർശിച്ചു.

തൃശ്ശൂരിൽ ഇത്തവണ ബി.ജെ.പി അട്ടിമറി നടത്തും എന്ന് പറയുന്നത് വെറും അവകാശവാദം മാത്രമാണെന്നും അരുൺ പറഞ്ഞു. 2019 ലെ ലോകസഭ തിരഞ്ഞെടുപ്പിനും 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിലും നടത്തിയ അതേ അവകാശവാദം തന്നെയാണിത്. ഇത്തവണയും ബി.ജെ.പി മൂന്നാം സ്ഥാനത്ത് തന്നെ ആയിരിക്കുമെന്നും എ.ഐ.വൈ.എഫ് നേതാവ് പറഞ്ഞു. പണവും അധികാരവും ഉപയോഗിച്ച് ചില ഗിമ്മിക്കുകൾ കാണിക്കാനും സ്ത്രീകളെ ആകർഷിക്കാൻ വേണ്ടി ചില വില കുറഞ്ഞ പ്രചാരണം നടത്താനുമാണ്‌ ബി.ജെ.പി ശ്രമിക്കുന്നത്. സാമൂഹിക മാധ്യമങ്ങൾ വഴി കോടികൾ ചിലവാക്കിയുള്ള പ്രചാരണവും നടക്കുന്നുണ്ട്. ഇതുകൊണ്ടൊന്നും തൃശ്ശൂരിൽ വിജയിക്കാൻ കഴിയില്ലെന്നും അരുൺ വ്യക്തമാക്കി.

ഇത്തവണ തൃശൂർ ലോകസഭ മണ്ഡലത്തിൽ ഇടതുപക്ഷം ജയിക്കുമെന്നും അരുൺ പ്രതീക്ഷ പങ്കുവെച്ചു. ബി.ജെ.പി ശക്തമായ പ്രചരണം നടത്തുന്നത് കോൺഗ്രസിനാണ് ദോഷം ചെയ്യുക. അതുപോലെ കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ നിന്നും വ്യത്യസ്തമായ സാഹചര്യമാണ് രാജ്യത്ത് ഉള്ളത്. കഴിഞ്ഞ തവണ കേന്ദ്രത്തിൽ ഭരണമാറ്റം ആഗ്രഹിച്ച കേരളീയ ജനത ഏറ്റവും സാധ്യത ഉള്ള മുന്നണി എന്ന നിലക്കാണ് കോൺഗ്രസിനും യു.ഡി.എഫിനും വോട്ട് ചെയ്തത്. ഇത്തവണ ‘ഇന്ത്യ’ മുന്നണി അധികാരത്തിൽ വരുന്ന സാഹചര്യം ഉണ്ടായാൽ പോലും കോൺഗ്രസ് പ്രധാനമന്ത്രി വരാൻ സാധ്യത കുറവാണ്. രാഹുൽ എഫക്റ്റും ഇത്തവണ ഏശില്ല. ഇത് മനസിലാകുന്ന കേരളീയ ജനത ഇടത് പക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്യുമെന്നും അരുൺ പറഞ്ഞു.

കേരളത്തിൽ ബഹുഭൂരിഭക്ഷം സീറ്റുകളും ഇടതുപക്ഷം വിജയകുന്ന സാഹജര്യമാണ് നിലവിൽ ഉള്ളതെന്ന് അരുൺ അവകാശപ്പെട്ടു. 2004 ലെ ലോകസഭ തിരഞ്ഞെടുപ്പിൽ ഉണ്ടായ പോലുള്ള ഇടത് തരംഗം ഇത്തവണ ഉണ്ടാകുമെന്നും അരുൺ പറഞ്ഞു. രാജ്യത്ത് മതേതരത്വം പുലരണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളീയ ജനത. പൗരത്വ ഭേദഗതി ബില്ലിൽ അടക്കം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നേതൃത്വം ഭയപ്പെട്ട് നിന്നപ്പോഴും കേരളം ആണ് ആദ്യം നടപ്പാകില്ലെന്ന് ഉറച്ച സ്വരത്തിൽ പറഞ്ഞത്. ആ മതേതര മൂല്യം ഉയത്തി പിടിച്ച മുന്നണിക്കൊപ്പമാകും കേരളീയ മനസ്സെന്നും അരുൺ പറഞ്ഞു. (എക്സ്പ്രസ് കേരളയോട് നടത്തിയ പ്രതികരണത്തിന്റെ പൂർണ രൂപം കാണുക)

Top