കല്ലടയുടെ ബസ് എഐവൈഎഫ് പ്രവർത്തകർ കായംകുളത്ത് തടഞ്ഞു

കായംകുളം : കായംകുളത്ത് എഐവൈഎഫ് പ്രവര്‍ത്തകര്‍ കല്ലടയുടെ ബസ് തടഞ്ഞു. 15 മിനുട്ടോളം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് ബസ്സിന് മുന്നില്‍ കുത്തിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് ബെംഗുലുരുവിലേക്ക് പുറപ്പെട്ട ബസ്സില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു.

ജീവനക്കാരുടെ മോശം പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ സര്‍വ്വീസ് നടത്താന്‍ അനുവദിക്കില്ലെന്ന് എഐവൈഎഫ് പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം യാത്രക്കാരെ കല്ലട ബസ്സ് ജീവനക്കാര്‍ മര്‍ദ്ദിച്ചതിനെതിരെയാണ് പ്രതിഷേധം.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് യാത്രക്കാരെ ബസ് ജീവനക്കാര്‍ ഉപദ്രവിച്ചത്. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ബസ് ഹരിപ്പാട് വച്ച് തകരാറിലാവുകയും ഇത് ചോദ്യം ചെയ്ത യാത്രക്കാരെ വൈറ്റിലയില്‍ വച്ച് കല്ലട ജീവനക്കാര്‍ ആക്രമിക്കുകയുമായിരുന്നു. കരിങ്കല്ല് കൊണ്ട് തലക്കടിയേറ്റ അജയഘോഷ് കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റ് രണ്ട് പേര്‍ തമിഴ്‌നാട്ടിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്.

കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം വലിയ വിവാദമായ സാഹചര്യത്തില്‍ പ്രത്യേക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു.

മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുവാനാണ് ഉത്തരവിട്ടിരിക്കുന്നത്. എറണാകുളം ജില്ലാ പൊലീസ് മേധാവി, സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എന്നിവരാണ് മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കേണ്ടത്.

ബസ് ഉടമ സുരേഷ് കല്ലട കമ്മീഷന് മുമ്പാകെ നേരിട്ട് ഹാജരാകേണ്ടതുമാണ്. യാത്രക്കാരായ മൂന്ന് യുവാക്കളെ സുരേഷ് കല്ലട ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മിന്നല്‍ പരിശോധനാ സ്‌ക്വാഡുകളെ എല്ലാ ആര്‍ടിഒ ഓഫീസുകളിലും നിയമിക്കുവാന്‍ ഗതാഗത കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു.

നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി തടയുന്നതിന് സംസ്ഥാനത്തെ എല്ലാ ആര്‍ടിഒ ഓഫീസിലും പ്രത്യേക പരിശോധനാ സ്‌ക്വാഡ് രൂപീകരിക്കുന്നതാണ്.

Top