കെഎസ്ആര്‍ടിസിയില്‍ മോദിയുടെ നയമാണ് ആന്റണി രാജുവിനെന്ന് എഐടിയുസി; മറുപടി ഇല്ലെന്ന് മന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിൽ ശമ്പളത്തിന് ടാർജറ്റ് നിശ്ചയിച്ച മാനേജ്മെന്റ് നിര്‍ദ്ദേശത്തിനെതിരെ കടുത്ത വിമര്‍ശനവുമായി എഐടിയുസി രംഗത്ത്.നിയമ വിരുദ്ധവും അശാസ്ത്രീയവുമാണിത്. രാജ്യത്ത് നിലവിലുള്ള ഒരു നിയമവും ഇതിന് അനുവാദം നൽന്നില്ല. നടപ്പാക്കാൻ പറ്റാത്തതെങ്കിലും, ഒരു ഇടതു സർക്കാരിന്റെ കാലത്ത് തന്നെ ഇങ്ങനെ ഒക്കെ ചർച്ച ഉയർത്തിക്കൊണ്ടുവരാൻ കഴിയുന്നത് അപകട സൂചനയാണ്. കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിയമ ഭേദഗതികൾക്കെതിരെ ബദലുയർത്തേണ്ട മുന്നണി ഭരണത്തിൽ നിന്നാണ് അപരിഷ്കൃതവും വികലവുമായ ഇത്തരം ശബ്ദമുയർന്ന് വരുന്നത്. കെഎസ്ആര്‍ടിസിയിലെ തൊഴിലന്തരീക്ഷം തകർക്കാൻ മാനേജ്മെന്റും മന്ത്രിയും കുറെ നാളായി ഗൂഡാലോചന നടത്തിവരുകയാണ്.

മാനസികമായി തൊഴിലാളിയെ എങ്ങനെ തകർത്ത്, തൊഴിൽ മടുപ്പിച്ച് മതിയാക്കിക്കാമെന്നതാണ് മാനേജ്മെന്റ് ലക്ഷ്യം. സിംഗിൾ ഡ്യൂട്ടിക്കു പിന്നിൽ മാനേജ്മെന്റിന്റെ ഈഗോയാണ്. പാറശ്ശാലയിൽ നടപ്പിലാക്കി പൂർണ്ണ പരാജയമായി മാറി. അതിന്റെ നഷ്ടം ചൂണ്ടിക്കാണിക്കുമ്പോൾ പൊതു ഗതാഗതം ജന സേവനമെന്ന് മാനേജ്മെന്റ് മറുപടി പറയുന്നു.ലാഭമില്ലെങ്കിൽ ശമ്പളമില്ലെന്ന് മറുവശത്ത് പറയുകയും ചെയ്യുന്നു. മാനേജ്മെന്റിന്റെ ഇത്തരം വികല നയങ്ങൾ ഏറ്റുപിടിക്കുന്നതിലൂടെ മോദിയുടെ നയമാണ് ആന്റണി രാജുവിനെന്ന് മനസ്സിലാക്കുന്നു. ഈ അന്തരീക്ഷത്തിൽ തൊഴിലാളികളെയും സംഘടനകളെയും പ്രകോപിതരാക്കി പണിമുടക്കാനും സമരം ചെയ്യാനും പ്രേരിപ്പിക്കാനുള്ള അടവാണ് പിന്നിലുള്ളതെന്ന് എഐടിയുസിക്ക് കീഴിലുള്ള ട്രാൻ. എംപ്ലോയീസ് യൂണിയൻ ജനറല്‍ സെക്രട്ടറി എംജി രാഹുല്‍ കുറ്റപ്പെടുത്തി

എന്നാല്‍ കെഎസ്ആർടിസി ടാർഗറ്റ് അടിസ്ഥാനത്തിൽ ശമ്പളമെന്നത് മാനേജ്‌മെന്റ് നിർദേശം എന്നാവർത്തിച്ചു മന്ത്രി രംഗത്ത് വന്നു. സർക്കാർ തലത്തിൽ തീരുമാനമെടുത്തിട്ടില്ല. മാനേജ്മെന്റിന് തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുണ്ട്. സർക്കാർ ഒരു നിർദേശവും നൽകിയിട്ടില്ല. സ്വയം പര്യാപ്തതയിലെത്തിക്കാൻ വേണ്ടി മാനേജ്മെന്റ് എടുത്ത തീരുമാനമാണത്. സർക്കാർ സഹായം തുടരും. സർക്കാർ ഇടപെടേണ്ട സാഹചര്യമുണ്ടായാൽ ഇടപെടും. ഗതാഗത മന്ത്രിക്ക് മോദി ശൈലിയെന്ന എഐടിയുസി പരാമർശത്തിന് മറുപടി നൽകുന്നില്ലെന്നും ആന്റണി രാജു പറഞ്ഞു.

Top