സാനിയ തിരിച്ചെത്തുന്നു; ഫെഡറേഷന്‍ കപ്പിനായുള്ള അഞ്ചംഗ ടീമിനെ പ്രഖ്യാപിച്ച് എഐടിഎ

ന്യൂഡല്‍ഹി: ഫെഡറേഷന്‍ കപ്പിനായുള്ള അഞ്ചംഗ ടീമിനെ പ്രഖ്യാപിച്ച് ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍ (എഐടിഎ). ഇന്ത്യയിലെ മികച്ച സിംഗിള്‍സ് കളിക്കാരിയായ അങ്കിത റെയ്നയ്ക്കൊപ്പം സാനിയ മിര്‍സയും ടീമില്‍ ഇടം നേടിയിട്ടുണ്ട്. രുതുജ ഭോസാലെ, കര്‍മന്‍ കൗര്‍ താണ്ടി എന്നിവരും അഞ്ചംഗ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.

അങ്കിതയാണ് ഇന്ത്യന്‍ ടീം അംഗങ്ങളിലെ പ്രധാന താരം. സൗജന്യ ബവിസെട്ടിയെ റിസര്‍വതാരമായി ഉള്‍പ്പെടുത്തി. മുന്‍ താരം അങ്കിത ഭാബ്രിയാണ് ടീമിന്റെ പരിശീലക. വിശാല്‍ ഉപ്പലായിരിക്കും ടീമിനെ നയിക്കുക.

ഹൊബാര്‍ട്ട് ഇന്റര്‍നാഷണലിലൂടെ വീണ്ടും ടെന്നീസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തുകയാണ് സാനിയ. നേരത്തെ ഡബിള്‍സില്‍ ആറ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സാനിയ നേടിയിട്ടുണ്ട്. ഇവയില്‍ മൂന്ന് മിക്സഡ് കിരീടങ്ങളാണ്. ഡബിള്‍സില്‍ ലോക ഒന്നാം റാങ്കിലുമെത്തി. സ്വിസ് താരം മാര്‍ട്ടിന ഹിംഗിസിനൊപ്പം നീണ്ടകാലം ഒന്നാം റാങ്കില്‍ തുടര്‍ന്ന സാനിയ ഒട്ടേറെ കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

സാനിയ നാലു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നത്. അമ്മയാകാനുള്ള ഒരുക്കത്തിനായി നീണ്ടകാലമായി ടെന്നീസില്‍നിന്നും താരം വിട്ടുനില്‍ക്കുകയായിരുന്നു. 2016ലാണ് സാനിയ അവസാനമായി ഫെഡറേഷന്‍ കപ്പില്‍ എത്തിയത്. 2017നുശേഷം താരം കോര്‍ട്ടില്‍ ഇറങ്ങിയിട്ടില്ലായിരുന്നു.

Top