കോവിഡ് മാനദണ്ഡം ലംഘിച്ചു; ഐശ്വര്യ യാത്രയിലെ 400ഓളം പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങളുടെ ലംഘിച്ചതിന് പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ കണ്ണൂരില്‍ രണ്ട് ഇടങ്ങളില്‍ കേസ്. തളിപ്പറമ്പ്, ശ്രീകണ്ഠാപുരം എന്നിവിടങ്ങളിലെ പൊലീസാണ് കേസ് രജിസറ്റര്‍ ചെയ്തത്.

ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉള്‍പ്പെടെ 26 യുഡിഎഫ് നേതാക്കള്‍ക്കും കണ്ടാലറിയാവുന്ന 400 ഓളം പ്രവര്‍ത്തകര്‍ക്കും എതിരെയാണ് തളിപ്പറമ്പില്‍ കേസെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ക്കെതിരെയാണ് ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്തത്.

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാണ് ചെന്നിത്തലയുടെ ജാഥയെന്ന് മന്ത്രി എ.കെ. ബാലന്‍ ചൊവ്വാഴ്ച പ്രതികരിച്ചിരുന്നു. ജാഥ തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഓരോ സ്വീകരണ സ്ഥലവും റെഡ്‌സോണ്‍ ആകും. പ്രതിപക്ഷ നേതാവിന്റെ ശൈലി അംഗീകരിക്കാനാകില്ലെന്നും എ.കെ. ബാലന്‍ തുറന്നടിച്ചിരുന്നു.

Top