ലാല്‍ സലാം ചിത്രത്തില്‍ അച്ഛന് വേണ്ടി ആക്ഷനും കട്ടും പറഞ്ഞ അനുഭവം തുറന്ന് പറഞ്ഞ് ഐശ്വര്യ രജനികാന്ത്

ലാല്‍ സലാം എന്ന ചിത്രത്തിന് വേണ്ടി സ്വന്തം അച്ഛന് ആക്ഷനും കട്ടും പറഞ്ഞ അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് ഐശ്വര്യ രജനികാന്ത്.
തന്റെ ചിത്രത്തില്‍ അച്ഛന്‍ രജനികാന്തിനെ അഭിനയിപ്പിച്ചത് ദൈവാനുഗ്രഹമാണെന്ന് ഐശ്വര്യ ഒരു അഭിമുഖത്തില്‍ പറഞ്ഞു. അദ്ദേഹത്തെ സംവിധാനം ചെയ്തത് ഒരു മാസ്റ്റര്‍ക്ലാസ് പോലെയായിരുന്നെന്നും ഐശ്വര്യ പറഞ്ഞു. അഭിമുഖത്തില്‍ എ.ആര്‍. റഹ്‌മാനോടുള്ള ആരാധനയും അവര്‍ തുറന്നുപറഞ്ഞു. സത്യവും ആത്മാര്‍ത്ഥതയും ഉള്ളടങ്ങിയിരിക്കുന്ന ഫക്കീര്‍ എന്നാണ് അദ്ദേഹത്തെ ഐശ്വര്യ വിശേഷിപ്പിച്ചത്.

‘അപ്പായെ ഡയറക്ട് ചെയ്യുന്നത് ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമാണ്. അതൊരു അനുഗ്രഹമായിരുന്നു. അദ്ദേഹത്തിനൊപ്പം ജോലിചെയ്ത ഓരോ ദിവസവും ഒരു മിനി മാസ്റ്റര്‍ക്ലാസുപോലെയായിരുന്നു. പ്രൊഫഷണല്‍ എന്ന രീതിയിലും ഇന്‍ഡസ്ട്രിയിലെ ഒരു കലാകാരന്‍ എന്ന രീതിയിലും സെറ്റില്‍ ഓരോ കാര്യങ്ങള്‍ എങ്ങനെയാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നതെന്ന് മനസിലാക്കാന്‍സാധിച്ചു. ഈ പ്രായത്തിലും ജോലിയോടുള്ള അദ്ദേഹത്തിന്റെ അര്‍പ്പണമനോഭാവവും ഭക്തിയും കാര്യഗൗരവവും സിനിമാമേഖലയിലെ എല്ലാവരും കണ്ടുപഠിക്കേണ്ടതാണ്. ‘

‘ചുറ്റുമുള്ള എല്ലാവരും അദ്ദേഹത്തില്‍നിന്ന് നിരന്തരം പഠിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. അതേസമയം തനിക്ക് ഒരുപാട് പഠിക്കാനുണ്ടെന്നാണ് അദ്ദേഹത്തിന് ഇപ്പോഴും തോന്നുന്നത്. അതാണ് ഞങ്ങള്‍ ഉണ്ടായിരുന്ന സാഹചര്യത്തിന്റെ ഭംഗി. ഒപ്പം പ്രവര്‍ത്തിച്ച എല്ലാ സംവിധായകരേയുംപോലെ ഞാനും അദ്ദേഹത്തിനൊപ്പമുള്ള ഓരോ നിമിഷങ്ങളെയും മനസില്‍ പരിലാളിക്കുന്നു. ഒരു കലാകാരന്‍ എന്ന നിലയിലും പ്രത്യേകിച്ച് ‘ലാല്‍ സലാം’ എന്ന സിനിമയിലെ ഒരു അഭിനേതാവ് എന്ന നിലയിലും അപ്പ തന്റെ മുദ്ര പതിപ്പിക്കുന്നു,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

‘3’, ‘വൈ രാജ വൈ’ എന്നീ ചിത്രങ്ങള്‍ക്കും ‘സിനിമാ വീരന്‍’ എന്ന ഡോക്യുമെന്ററിക്കും ശേഷം 8 വര്‍ഷം കഴിഞ്ഞ് ഐശ്വര്യ രജനികാന്ത് സംവിധാനരംഗത്തേക്ക് തിരിച്ചെത്തുന്ന സിനിമയാണ് ‘ലാല്‍ സലാം’. വിഷ്ണു രംഗസ്വാമി കഥയും സംഭാഷണങ്ങളും ഒരുക്കുന്ന ചിത്രത്തില്‍ ‘മൊയ്ദീന്‍ ഭായ്’ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. രജനികാന്ത് അതിഥി വേഷത്തിലെത്തുന്ന ചിത്രത്തില്‍ വിഷ്ണു വിശാലും വിക്രാന്തുമാണ് നായകന്മാര്‍.

Top