ആയിഷ സുല്‍ത്താന ഇന്ന് പൊലീസിന് മുന്നില്‍ ഹാജരാകും

കരവത്തി:രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട സിനിമാ പ്രവര്‍ത്തക ആയിഷ സുല്‍ത്താന ഇന്ന് പൊലീസിന് മുന്നില്‍ ഹാജരാകും. കവരത്തി പൊലീസിന് മുന്നിലാണ് ഹാജരാവുക. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ ബയോവെപ്പണ്‍ എന്ന പരാമര്‍ശത്തിന്റെ പേരിലാണ് ആയിഷ സുല്‍ത്താന നടപടി നേരിടുന്നത്.

ബി.ജെ.പി ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് സി.അബ്ദുല്‍ ഖാദര്‍ ഹാജിയാണ് കവരത്തി പൊലീസില്‍ പരാതി നല്‍കിയത്. ഇതോടെ രാജ്യദ്രോഹം, ദേശീയതക്കെതിരായ പരാമര്‍ശം എന്നീ വകുപ്പുകളില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് നിരവധി ലക്ഷദ്വീപിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ രാജിവയ്ക്കുകയും ചെയ്തിരുന്നു. തന്നെ കുടുക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ശ്രമിക്കുകയാണെന്ന് ആയിഷ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.

ദേശത്തിനെതിരായി ഒന്നും ചെയ്തിട്ടില്ലെന്നും ലക്ഷദ്വീപിലെ ജനതയ്‌ക്കൊപ്പം നീതിക്കായി നില്‍ക്കുമെന്നും സുല്‍ത്താന അറിയിച്ചിരുന്നു. വായില്‍ നിന്ന് വീണ ഒരു വാക്കിന്റെ പേരിലാണ് ഇത്തരത്തിലൊരു ആരോപണം വന്നത്. അത് തെളിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്നും പൊലീസുമായി സഹകരിക്കുമെന്നും ഇന്നലെ അയിഷ സുല്‍ത്താന മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

Top