ഐഷ സുല്‍ത്താനയെ ലക്ഷദ്വീപ് പൊലീസ് നാളെ വീണ്ടും ചോദ്യം ചെയ്യും

കരവത്തി: രാജ്യദ്രോഹ കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയെ ലക്ഷദ്വീപ് പൊലീസ് നാളെ വീണ്ടും ചോദ്യം ചെയ്യും. ഇന്ന് എട്ട് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം ഐഷയെ വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. കവരത്തി പോലീസ് സ്‌റ്റേഷനിലെത്തിച്ചാണ് ഇന്ന് ചോദ്യം ചെയ്തത്.

നാളെ രാവിലെ 9.45ന് കവരത്തി പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ എന്നാവശ്യപ്പെട്ടാണ് ഇന്ന് ഐഷയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബന്ധുക്കള്‍ ആശുപത്രിയിലായതിനാല്‍ കൊച്ചിയിലേക്ക് മടങ്ങണമെന്ന് ഐഷ പോലീസിനോട് ആവശ്യപ്പെട്ടു. ലക്ഷദ്വീപില്‍ തുടരണോയെന്നുള്ള കാര്യത്തില്‍ നാളെ തീരുമാനമറിയിക്കുമെന്ന് പോലീസ് പറഞ്ഞു.

ഐഷയെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുമെന്നാണ് കരുതിയതെങ്കിലും ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ല. നേരത്തെ ഹൈക്കോടതി ഇവര്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച ചോദ്യം ചെയ്ത് വിട്ടയച്ച ഐഷ സുല്‍ത്താനയോട് മൂന്ന് ദിവസം കൂടി ദ്വീപില്‍ തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഐഷയുടെ സാമ്പത്തിക ഇടപാടുകളടക്കം ഇന്ന് പൊലീസ് ചോദിച്ചറിഞ്ഞിരുന്നു.

Top