അയിഷ സുല്‍ത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചു, മൂന്നുദിവസം ദ്വീപില്‍ തുടരാന്‍ നിര്‍ദ്ദേശം

കവരത്തി: രാജ്യദ്രോഹക്കുറ്റത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തകയും ലക്ഷദ്വീപ് സ്വദേശിയുമായ അയിഷ സുല്‍ത്താനയെ കവരത്തി പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. വൈകീട്ട് നാല് മണിയോടെ കവരത്തിയിലെ ലക്ഷദ്വീപ് എസ് പി ഓഫീസില്‍ അഭിഭാഷകനോടെപ്പമാണ് ചോദ്യം ചെയ്യലിന് അയിഷ ഹാജരായത്.

അയിഷയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മൂന്ന് ദിവസം ലക്ഷദ്വീപില്‍ തുടരണമെന്നും ആവശ്യമെങ്കില്‍ വിളിപ്പിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ ബി.ജെ.പി ലക്ഷദ്വീപ് അദ്ധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് അയിഷ സുല്‍ത്താനയ്‌ക്കെതിരെ കേസെടുത്തത്. ഇന്നലെ ലക്ഷദ്വീപിലെത്തിയ അയിഷ ഇന്നാണ് ചോദ്യം ചെയ്യലിന് ഹാജരായത്.

അതേസമയം, ലക്ഷദ്വീപ് ജനതയ്ക്ക് നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് ഐഷാ സുല്‍ത്താന പറഞ്ഞു. രാജ്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പൊലീസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്നും ഐഷാ പറഞ്ഞു.

Top