ഐഷ സുല്‍ത്താനയുടെ ആദ്യ ചിത്രം; ഫ്‌ലഷിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

ഹ സംവിധായികയായി മലയാള സിനിമയില്‍ ശ്രദ്ധേയയായ ഐഷ സുല്‍ത്താന സ്വതന്ത്രമായി സംവിധാനം ചെയ്യുന്ന ആദ്യചിത്രമാണ് ‘ഫ്‌ലഷ്’. ഐഷ സുല്‍ത്താന തന്നെ തിരക്കഥയെഴുതി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

സംവിധായകന്‍ അരുണ്‍ ഗോപിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തില്‍ സ്ത്രീ കേന്ദ്രീകൃതമായ കഥയാണ് ഫ്‌ലഷില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന.

‘കടലിന്റെ ആഴങ്ങള്‍ തേടിയൊരു പെണ്ണുടല്‍, ഐഷ സുല്‍ത്താനയുടെ പുതിയ സിനിമയായ ഫ്‌ലഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഞാന്‍ സന്തോഷത്തോടെ റിലീസ് ചെയ്യുന്നു,’ അരുണ്‍ ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.

കടല്‍ത്തിരമാലകള്‍ക്കൊപ്പം നടന്നുനീങ്ങുന്ന പെണ്‍കുട്ടിയെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്.വിഷ്ണു പണിക്കര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ നൗഫല്‍ അബ്ദുള്ളയാണ്. വില്യം ഫ്രാന്‍സിസാണ് ചിത്രത്തിന്റെ ഈണം ചിട്ടപ്പെടുത്തിയിരിക്കുന്നത്. സ്റ്റെഫി സേവ്യര്‍ ആണ് കോസ്റ്റ്യൂം ഡിസൈനര്‍. പുതുമുഖ താരങ്ങളെ അണിനിരത്തി ബീന കാസിമാണ് ഫ്‌ലഷ് നിര്‍മിച്ചിരിക്കുന്നത്.

 

Top