എ.ഐ.എസ്.എഫ്, എസ്.എഫ്.ഐയെ ജനാധിപത്യം പഠിപ്പിക്കേണ്ട; തുറന്നടിച്ച് സച്ചിന്‍ ദേവ്

തിരുവനന്തപുരം: എം.ജി സര്‍വ്വകലാശാലാ കാമ്പസില്‍ നടന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി എസ്.എഫ്.ഐ എ.ഐ.എസ്.എഫ് നേതാക്കള്‍ തമ്മിലും പോര് തുടരുന്നു. എ.ഐ.എസ്.എഫിന്റെ ആരോപണങ്ങള്‍ക്കെതിരെ അതിരൂക്ഷമായാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം സച്ചിന്‍ ദേവ് പ്രതികരിച്ചിരിക്കുന്നത്.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ:

ക്ലാസ്സെടുക്കാന്‍ വരുന്നവര്‍ കുറച്ചൊക്കെ ചരിത്രം കൂടി ഓര്‍ക്കുന്നതു നല്ലതാണ്.
പലതും അറിയാത്തതല്ല നിങ്ങള്‍ക്ക് ബോധപ്പൂര്‍വ്വം മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നതാണെന്നും ഞങ്ങള്‍ക്ക് നന്നായറിയാം.

വര്‍ഷം 1975.
ലോകം കണ്ട ഏറ്റവും വലിയ ജനാധിപത്യവിരുദ്ധത ഭരണകൂട ഭീകരതയായ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട വര്‍ഷം.
അഭിപ്രായ പ്രകടനങ്ങള്‍ക്ക് ഇടമില്ലാത്ത സംഘടിക്കാന്‍ പാടില്ലാത്ത ജനാധിപത്യ നിഷേധത്തിന്റെ 18 മാസക്കാലം..
അന്ന് അച്യുതമേനോനായിരുന്നു കേരളത്തിലെ മുഖ്യമന്ത്രി.

കേരളത്തിലെ മനുഷ്യരുടെ ജനാധിപത്യ പൗരാവകാശങ്ങളെല്ലാം റദ്ദുചെയ്യപ്പെട്ട ആ കാലത്ത് ജനാധിപത്യത്തിനായി സംസാരിക്കാന്‍ നിങ്ങളുണ്ടായിരുന്നോ..?

എ.ഐ.എസ്.എഫേ അന്നു നിങ്ങള്‍ ആരുടെ ചിറകിനുള്ളില്‍ ഒളിഞ്ഞിരിക്കുകയായിരുന്നു..?

ജനാധിപത്യത്തിനായി ഒരു ചെറു വിരലെങ്കിലും അനക്കാന്‍, നിവര്‍ന്ന് നിന്ന് നാല് വര്‍ത്തമാനം പറയാന്‍ അന്ന് നിങ്ങളുണ്ടായിരുന്നില്ല.
എന്നാല്‍ അടിയന്തരാവസ്ഥയിലൂടെ ജനങ്ങള്‍ ദ്രോഹിക്കപ്പെട്ടപ്പോള്‍ ആദ്യമായി പ്രതിരോധവുമായി തെരുവിലിറങ്ങിയ സംഘടനയാണ് എസ്.എഫ്.ഐ. എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന കേരളത്തിനു പ്രതികരണത്തിന്റെ ഊര്‍ജ്ജപ്രവാഹമായി എസ്.എഫ്.ഐ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് മാര്‍ച്ചു നടത്തി. സ: കോടിയേരിയും എ.കെ ബാലനും, എം.എ.ബേബിയും, സ:ജി സുധാകരനും, തോമസ് ഐസക്കും സ:എം.വിജയകുമാറും ഉള്‍പ്പെടെയുള്ള എസ്.എഫ്.ഐയുടെ നേതാക്കളെ ഉള്‍പ്പടെ പോലീസ് അതിക്രൂരമായി തല്ലിച്ചതച്ചു.

എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനെ മിസ കരിനിയമപ്രകാരം ജയിലിലടച്ചു. കേരളത്തില്‍ മാത്രം 600ലധികം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.

സ്വാതന്ത്രസമരത്തില്‍ ആര്‍.എസ്.എസ് എവിടെയായിരുന്നോ അവിടെ തന്നെയായിരുന്നു അടിയന്തരാവസ്ഥ കാലത്ത് എ.ഐ.എസ്.എഫും. അടിയന്തരാവസ്ഥയ്ക്ക് ശേഷം എസ്.എഫ്.ഐ ക്യാമ്പസുകളിലേക്ക് വര്‍ദ്ധിത വീര്യത്തോടെ പടര്‍ന്നുകയറിയതും നിങ്ങള്‍ അപ്രത്യക്ഷമായതും നിങ്ങളുടെ ഇടതുപക്ഷത്തിനു നിരക്കാത്ത ഇരട്ടത്താപ്പ് നിലപാടുകള്‍ കൊണ്ടാണ് എന്നു ചരിത്രം പഠിക്കുന്ന ഏതൊരാള്‍ക്കും വ്യക്തമാണ്.

ചരിത്രം മായ്ച്ചുകളയാനാകാത്ത കാലത്തോളം ഞങ്ങള്‍ എന്താണെന്നും നിങ്ങള്‍ എന്തായിരുന്നു എന്നും, എന്താണെന്നും കേരളത്തിന്റെ പൊതുസമൂഹത്തിന്റെ മുന്നിലുണ്ട്.

അതുകൊണ്ട് ജനാധിപത്യത്തെ കുറിച്ച് എസ്.എഫ്.ഐയക്ക് ക്ലാസ്സെടുക്കാനും പഠിപ്പിക്കാനും എ.ഐ.എസ്.എഫ് എന്തായാലും വളര്‍ന്നിട്ടില്ല…

കെ.എം സച്ചിന്‍ ദേവ്
സെക്രട്ടറി
എസ്.എഫ്.ഐ
കേരള സംസ്ഥാന കമ്മിറ്റി

Top