AISF-police action against jishnu’s family

aisf

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരായ നടപടിയില്‍ പൊലീസിനെതിരേ വിമര്‍ശനവുമായി സിപിഐ വിദ്യാര്‍ഥി സംഘടനയായ എഐഎസ്എഫ്.

ഇരകളെയും ഇരകള്‍ക്കൊപ്പം നില്‍ക്കുന്നവരെയും കേസില്‍ കുടുക്കുന്നത് പൊലീസിന്റെ മുഖം രക്ഷിക്കലല്ല, മുഖം വികൃതമാക്കലാണെന്നും, മഹിജയ്‌ക്കൊപ്പമുണ്ടായിരുന്ന ഷാജിര്‍ ഖാന്‍ കൊടുംകുറ്റവാളിയായി മാറിയതിന് പോലീസ് വിശദീകരണം തരണമെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി സുഭേഷ് സുധാകരന്‍ പറഞ്ഞു.

മകന്‍ നഷ്ടപ്പെട്ട അമ്മയ്‌ക്കെതിരായ നടപടിയില്‍ മുഖംരക്ഷിക്കാന്‍ പൊലീസ് നടത്തിയ നീക്കങ്ങളിലുണ്ടായ പാളിച്ചകള്‍ മറ്റാരുടെയൊ തലയില്‍ കെട്ടിവെക്കാനുള്ള അമിതവ്യഗ്രതയാണ് കാണാന്‍ കഴിഞ്ഞത്. പൊലീസ് ആസ്ഥാനത്ത് മഹിജക്കും കുടുംബത്തിനും ഒപ്പം ഉണ്ടായിരുന്നതിന്റെ പേരില്‍ ജാമ്യമില്ലാവകുപ്പു പ്രകാരം പോലീസ് അറസ്റ്റ് ചെയ്ത പൊതുപ്രവര്‍ത്തകര്‍ ചെയ്ത തെറ്റെന്ത് എന്നതില്‍ വിശദീകരണം തരാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ഷാജഹാനും ഷാജിര്‍ ഖാനും അടക്കമുള്ള(തോക്ക് സ്വാമി ഒഴികെ)വര്‍ക്ക് എന്ത് ക്രിമിനല്‍ പശ്ചാത്തലമാണ് ഉള്ളതെന്നു പോലീസ് വ്യക്തമാക്കണം. ലോ അക്കാദമിയിലും, യൂണിവേഴ്‌സിറ്റി കോളേജിലെ വിഷയങ്ങളിലും ഷാജഹാന്റെ നിലപാടുകളില്‍ അസ്വസ്ഥരായവരുടെ ഇടപെടലുകളാണ് അറസ്റ്റിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

മഹിജക്കൊപ്പമുണ്ടായിരുന്നവരെ പഴുതുകളില്ലാതെ ജയിലിലടയ്ക്കാന്‍ നടത്തിയ പൊലീസ് ബുദ്ധി കൃഷ്ണദാസിനും കൂട്ടര്‍ക്കുമെതിരെ ഉണ്ടായില്ലെന്നത് വാസ്തവമാണെന്നും തങ്ങളുടെ രാഷ്ട്രീയത്തില്‍ വിശ്വസിക്കാത്തതുകൊണ്ട് ഈ അനീതിക്കുനേര്‍ക്കു കണ്ണടയ്ക്കാന്‍ കഴിയില്ലെന്നും സുഭേഷ് വ്യക്തമാക്കി.

Top