aisf against sfi

തിരുവനന്തപുരം: എസ്എഫ്‌ഐ ഫാസിസ്റ്റ് ശൈലി ഉപേക്ഷിക്കണമെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി സുഭേഷ് സുധാകരന്‍.

യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനികളായ അഷ്മിതയെയും സൂര്യഗായത്രിയെയും മര്‍ദ്ദിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇവര്‍ക്ക് നീതി ലഭിക്കുന്നതിനായി നിയമപരമായും സംഘടനാപരമായും എഐഎസ്എഫ് ഇടപെടും. നീതി നിഷേധത്തിനെതിരെ ഇപ്പോള്‍ ഹൈക്കോടതിയെ പെണ്‍കുട്ടികള്‍ സമീപിച്ചു കഴിഞ്ഞതായും സുഭേഷ് അറിയിച്ചു.

സ്വാശ്രയ കോളേജ് മാനേജ്‌മെന്റുകള്‍ വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന ക്രൂരതയേക്കാള്‍ വലിയ ക്രൂരതയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ് ഐക്കാര്‍ വിദ്യാര്‍ത്ഥികളോട് കാണിക്കുന്നത്. ഇവിടെ ഭരണ സംവിധാനം ഉപയോഗിച്ച് ഇരകളെ വേട്ടയാടാനാണ് അവര്‍ ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. മറ്റ് സംഘടനകളുടെ പൊതു പ്ലാറ്റ്‌ഫോം ഉണ്ടാക്കി നീതി ലഭിക്കും വരെ പോരാടും.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടി നോമിനേഷന്‍ കൊടുക്കാന്‍ ശ്രമിച്ചതിന് മണിമേഖല എന്ന വിദ്യാര്‍ത്ഥിയെയും എഐഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അരുണ്‍ ബാബുവിനേയും എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചിരുന്നു. ഒരു വര്‍ഷം മുന്‍പ് ഇതേ കൊളേജിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ത്ഥികള്‍ക്കും മര്‍ദ്ദനം ഏറ്റിരുന്നു. ഇതിന്റെയെല്ലാം ബാക്കിപത്രമാണ് ഇപ്പോള്‍ നടന്ന ആക്രമണം.

പൊലീസിന്റെ സഹായത്തോടെയാണ് എസ്എഫ്‌ഐ കടന്നാക്രമണം നടത്തുന്നത്. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഏക സംഘടനാ വാദമാണ് കാമ്പസുകളില്‍ എസ്എഫ്‌ഐക്കുള്ളത്. അത് അംഗീകരിച്ച് കൊടുക്കാന്‍ കഴിയില്ലന്നും സിപിഐ വിദ്യാര്‍ത്ഥി വിഭാഗമായ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

Top