സർക്കാരും ട്രായിയും ആവശ്യപ്പെടുന്നത് അനുസരിച്ച് മാത്രമേ നിരക്ക് വർധിപ്പിക്കൂവെന്ന് ജിയോ

ര്‍ക്കാരും ട്രായിയും ആവശ്യപ്പെടുന്നത് അനുസരിച്ച് മാത്രമേ തങ്ങള്‍ നിരക്ക് വര്‍ധിപ്പിക്കൂവെന്ന് റിലയന്‍സ് ജിയോ.

മറ്റ് ഓപ്പറേറ്റര്‍മാരെപ്പോലെ, ഞങ്ങള്‍ സര്‍ക്കാരുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ ഈ മേഖലയെ ശക്തിപ്പെടുത്തുന്നതിന് അനുസൃതമായി പ്രവര്‍ത്തിക്കുകയും ഡാറ്റാ ഉപഭോഗത്തെയോ വളര്‍ച്ചയെയോ പ്രതികൂലമായി ബാധിക്കാത്ത രീതിയില്‍ അടുത്ത ഏതാനും ആഴ്ചകളില്‍ താരിഫുകളില്‍ ഉചിതമായ വര്‍ധനവ് ഉള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും. ഡാറ്റാ ഉപഭോഗത്തിനെയോ ഡിജിറ്റല്‍ മേഖലയുടെ വളര്‍ച്ചയേയോ ബാധിക്കാത്തവിധത്തിലുമാകും ഇതെന്നും ജിയോ പ്രസ്താവനയില്‍ അറിയിച്ചു.

വൊഡഫോണ്‍ ഐഡിയയും ഭാരതി എയര്‍ടെലും ഡിസംബര്‍ 1 മുതല്‍ നിരക്ക് വര്‍ധനവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജിയോയുടെ പ്രഖ്യാപനം.

രണ്ട് വലിയ ടെലികോം ഓപ്പറേറ്റര്‍മാരായ വൊഡഫോണ്‍ ഐഡിയക്കും ഭാരതി എയര്‍ടെല്ലിനും 2019 സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ 74,000 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. സുപ്രീംകോടതി ഉത്തരവ് പ്രകാരം സര്‍ക്കാരിന് അടയ്‌ക്കേണ്ട കുടശ്ശികയുമായി ബന്ധപ്പെട്ട ബാധ്യത കൂടി ഉള്‍പ്പെടുത്തിയാണ് ഇത്.

ടെലികോം കമ്പനികളുടെ വാര്‍ഷിക എജിആര്‍ കണക്കാക്കുന്നതില്‍ ടെലികമ്മ്യൂണിക്കേഷന്‍ ഇതര ബിസിനസുകളില്‍ നിന്നുള്ള വരുമാനം ഉള്‍പ്പെടുത്തുകയെന്ന സര്‍ക്കാരിന്റെ നിലപാട് സുപ്രീം കോടതി ശരിവച്ചിട്ടുണ്ട്. വോഡഫോണ്‍ ഐഡിയ 50,921 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയപ്പോള്‍ എയര്‍ടെല്‍ സെപ്റ്റംബര്‍ പാദത്തില്‍ 23,045 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.

Top