2100 ഗ്രാമങ്ങളിലേക്ക് മൊബൈല്‍ സേവനവുമായി എയര്‍ടെല്‍

airtel

ന്യൂഡല്‍ഹി: വരുന്ന 18 മാസങ്ങള്‍ക്കുള്ളില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 2,100 ഗ്രാമങ്ങളിലേക്കും ദേശീയ പാതകളിലേക്കും മൊബൈല്‍ സേവനങ്ങളെത്തിക്കാന്‍ എയര്‍ടെല്‍ തയാറെടുക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ മൊബൈല്‍ സേവന ദാതാക്കളാണ് എയര്‍ടെല്‍.

അസം, മണിപ്പൂര്‍, മിസോറം, നാഗാലാന്റ്, സിക്കിം, ത്രിപുര, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലേക്കാണ് മൊബൈല്‍ സേവനങ്ങളെത്തുന്നത്. ടെലികോം വകുപ്പുമായും യൂണിവേഴ്‌സല്‍ സെര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ടുമായും ഉള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതിയെന്ന് എയര്‍ടെല്‍ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

പദ്ധതി നടപ്പിലാക്കുന്നതിനായി 1,610 കോടി രൂപയാണ് ടെലികോം വകുപ്പിന്റെ യൂണിവേഴ്‌സല്‍ സെര്‍വ്വീസ് ഒബ്ലിഗേഷന്‍ ഫണ്ടില്‍ നിന്നും എയര്‍ടെലിന് ലഭിക്കുക. എയര്‍ടെല്‍ ഒരുക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ മറ്റ് ടെലികോം സേവന ദാതാക്കള്‍ക്കും ഉപയോഗപ്പെടുത്താനാകും.

Top