എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ ഉപയോക്താക്കള്‍ക്ക് അഞ്ച് ജിബി ഡാറ്റ സൗജന്യം

പുതിയ 4ജി ഉപയോക്താക്കള്‍ക്കായി സൗജന്യമായി അഞ്ച് ജിബി ഡാറ്റ വാഗ്ദാനം ചെയ്ത് ഭാരതി എയര്‍ടെല്‍. പുതിയ 4ജി ഉപയോക്താക്കള്‍ എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്പോഴാണ് ഈ 5ജിബി ഡാറ്റ ലഭിക്കുന്നത്. ഒരു ജിബിയുടെ കൂപ്പണുകളായാണ് ഇത് ലഭിക്കുക. ഒഇന്ത്യയില്‍ പുതിയ 4ജി പ്രീപെയ്ഡ് കണക്ഷന്‍ എടുക്കുന്നവര്‍ക്കും, 4ജി ഫോണിലേക്ക് അപ്‌ഗ്രേഡ് ചെയ്ത് ആദ്യമായി എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് ഉപയോഗിക്കുന്നവര്‍ക്കുമാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് ഇടി ടെലികോം റിപ്പോര്‍ട്ടില്‍ പറയുന്നു. മൊബൈല്‍ നമ്പര്‍ ആക്റ്റിവേറ്റ് ആയി 30 ദിവസത്തിനുള്ളില്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്താല്‍ 72 മണിക്കൂറിനുള്ളില്‍ ഒരു ജിബിയുടെ അഞ്ച് കൂപ്പണുകള്‍ അക്കൗണ്ടില്‍ ക്രെഡിറ്റാവും.

പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി കഴിഞ്ഞാല്‍ ഈ സൗജന്യ ഡാറ്റ ഉപയോഗിക്കാനാവില്ല. ഒരു മൊബൈല്‍ നമ്പറില്‍ ഒരു തവണ മാത്രമാണ് ഈ ആനുകൂല്യമുള്ളൂ. ഒരോ ഒരു ജിബി കൂപ്പണും 90 ദിവസം വരെ റിഡീം ചെയ്യാന്‍ സമയമുണ്ട്. റിഡീം ചെയ്ത് മൂന്ന് ദിവസം മാത്രമാണ് ഡാറ്റയുടെ വാലിഡിറ്റി. സെപ്റ്റംബര്‍ 30 ഓടെ റിലയന്‍സ് ജിയോയേക്കാള്‍ കൂടുതല്‍ 4ജി ഉപയോക്താക്കളെ ഉണ്ടാക്കാന്‍ എയര്‍ടെലിന് കഴിഞ്ഞിട്ടുണ്ട്. നാല് വര്‍ഷത്തിനിടെ ആദ്യമായാണ് എയര്‍ടെല്‍ പുതിയ ഉപയോക്താക്കളുടെ എണ്ണത്തില്‍ ജിയോയെ മറി കടക്കുന്നത്.

Top