18,699 കോടി രൂപയുടെ സ്‌പെക്ട്രം ലേലത്തില്‍ സ്വന്തമാക്കി ഭാരതി എയര്‍ടെല്‍

ന്യൂഡല്‍ഹി: തിങ്കളാഴ്ച ടെലികോം വകുപ്പ് നടത്തിയ സ്‌പെക്ട്രം ലേലത്തില്‍ 18,699 കോടി രൂപയുടെ സ്‌പെക്ട്രം സ്വന്തമാക്കി ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍. സബ് ജിഗാഹെര്‍ട്സില്‍ 355.45 മെഗാഹെര്‍ട്സ് സ്പെക്ട്രം, മിഡ് ബാന്റ്, 2300 മെഗാഹെര്‍ട്സ് ബാന്റ് തുടങ്ങിയവയാണ്‌ എയര്‍ടെല്‍ സ്വന്തമാക്കിയത്.ഇതുവഴി രാജ്യത്തെ ഏറ്റവും ശക്തമായ സ്പെക്ട്രം സ്വന്തമാക്കാനായതായി എയര്‍ടെല്‍ അവകാശപ്പെട്ടു. ഈ സ്പെക്ട്രം ഭാവിയില്‍ 5ജി സേവനങ്ങള്‍ എത്തിക്കാന്‍ എയര്‍ടെലിനെ പ്രാപ്തമാക്കുമെന്നും കമ്പനി പറഞ്ഞു.

സബ് ജിഗാഹെര്‍ട്സ് സ്പെക്ട്രം സ്വന്തമാക്കിയതോടെ രാജ്യത്തുടനീളം കവറേജ് വര്‍ധിപ്പിക്കുന്നതിനും എല്ലാ നഗരങ്ങളിലേയും കെട്ടിടങ്ങള്‍ക്കുള്ളിലെ കവറേജ് ശക്തമാക്കുന്നതിനും ഗ്രാമങ്ങളിലെ സേവനം മെച്ചപ്പെടുത്തുന്നതിന് എയര്‍ടെലിന് സാധിക്കും. മിഡ് ബാന്‍ഡ് സെപെക്ട്രം വാങ്ങിയതിലൂടെ ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കാന്‍ സാധിക്കുമെന്നും കമ്പനി വ്യക്തമാക്കി.

Top