സിറിയയിൽ വീടിന് നേരെ റഷ്യൻ വ്യോമാക്രമണം; ഏഴുപേർ മരിച്ചു

തുർക്കി അതിർത്തിക്കടുത്തുള്ള വടക്കുപടിഞ്ഞാറൻ സിറിയയിൽ റഷ്യൻ യുദ്ധവിമാനം നടത്തിയ ആക്രമണത്തിൽ നാല് കുട്ടികളടക്കം ഏഴ് സാധാരണക്കാർ കൊല്ലപ്പെട്ടു. വീടിന് നേരെ നടന്ന ആക്രമണത്തിൽ എട്ട് കുട്ടികളടക്കം 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിറിയയിലെ പ്രതിപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള ഇദ്ലിബിൽ പ്രവിശ്യയുടെ വടക്കൻ ഭാഗത്താണ് ആക്രമണം നടന്നത്.

ജിസ്ർ അൽ-ഷോഗറിനടുത്ത് അൽ ജദീദ ഗ്രാമത്തിലാണ് വെള്ളിയാഴ്ച ആക്രമണം നടന്നത്. രണ്ടു റഷ്യൻ എസ്‌യു 34 യുദ്ധവിമാനങ്ങൾ പ്രദേശത്തെ ലക്ഷ്യമിട്ടെത്തിയതായും നാലിടത്ത് ആക്രമണം നടത്തിയതായും പ്രാദേശിക നിരീക്ഷകർ അറിയിച്ചു. സിറിയൻ സിവിൽ ഡിഫൻസ്, വൈറ്റ് ഹെൽമറ്റ് എന്നിവയും ആക്രമണത്തിന് ഇരയായ കുടുംബാംഗങ്ങളും ആരോഗ്യപ്രവർത്തകരുമാണ് വിവരം പങ്കുവെച്ചത്.

ഇദ്ലിബിൽ നഗരത്തിൽ ഒരു റഷ്യൻ യുദ്ധവിമാനവും വടക്കൻ പ്രവിശ്യയിലെ പട്ടണത്തിൽ നാല് റഷ്യൻ വിമാനങ്ങളും വ്യോമാക്രമണം നടത്തിയതായി സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സും പ്രതിപക്ഷ മാധ്യമമായ ഓറിയന്റ് ടി.വിയും അറിയിച്ചു. സിറിയയുടെ വടക്കുപടിഞ്ഞാറൻ മേഖല വിമതരുടെ കേന്ദ്രമാണ്. ഇദ്ലിബിൽ പ്രവിശ്യ നിലവിൽ അൽ-ഖാഇദയുമായി ബന്ധമുള്ള ഹയാത്ത് തഹ്രീർ അൽ-ഷാമിന്റെ നിയന്ത്രണത്തിലാണ്. വടക്കൻ അലപ്പോ പ്രവിശ്യ തുർക്കിയ പിന്തുണയുള്ള വിമത ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലും. ഈ മേഖലയിൽ സിറിയൻ സേനയും റഷ്യയും നിരന്തരം വ്യോമാക്രമണം നടത്താറുണ്ട്.

Top