വിമാനത്താവളങ്ങളിലെ വിഐപി പ്രോട്ടോക്കോള്‍ പാക്ക് സര്‍ക്കാര്‍ വിലക്കി. . .

imran-khan

ഇസ്ലാമാബാദ്: പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് രാജ്യമെങ്ങും വിമാനത്താവളങ്ങളില്‍ നല്‍കി വന്നിരുന്ന വിഐപി പ്രോട്ടോക്കോള്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ വിലക്കി. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയാണ് (എഫ്‌ഐഎ) ഈ പ്രോട്ടോക്കോള്‍ നല്‍കിയിരുന്നത്. ഞായറാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നു. യാതൊരു വേര്‍തിരിവുകളുമില്ലാതെ എല്ലാ യാത്രക്കാര്‍ക്കും ഒരേ പോലെയുള്ള അവസരങ്ങള്‍ നല്‍കാനാണ് ഈ തീരുമാനം എടുത്തതെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരി പാക്ക് മാധ്യമങ്ങളോടു പറഞ്ഞു.

രാഷ്ട്രീയക്കാര്‍, എംപിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍, സൈനിക ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കാണ് സാധാരണ വിഐപി പ്രോട്ടോക്കോള്‍ നല്‍കി വരുന്നത്. ഇനിയും എഫ്‌ഐഎ ആര്‍ക്കെങ്കിലും വിഐപി പ്രോട്ടോക്കോള്‍ നല്‍കുകയാണെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നല്‍കി.

വിദേശയാത്രകള്‍ക്കും ആഭ്യന്തര യാത്രകള്‍ക്കും പ്രധാന മന്ത്രിമാര്‍ പ്രത്യേക വിമാനം ഉപയോഗിക്കുന്ന പതിവും ഇമ്രാന്‍ഖാന്‍ അവസാനിപ്പിച്ചിരുന്നു. പകരം മറ്റു യാത്രക്കാര്‍ക്കൊപ്പം ബിസിനസ് ക്ലാസിലാകും ഇനി മുതല്‍ പ്രധാനമന്ത്രി യാത്ര ചെയ്യുന്നത്. മാത്രമല്ല പ്രധാനമന്ത്രിയുടെ ആഡംബര വസതി പൂര്‍ണമായും ഉപയോഗിക്കേണ്ടതില്ലെന്നും ഇമ്രാന്‍ തീരുമാനിച്ചിട്ടുണ്ട്. പകരം മുന്‍ പ്രധാനമന്ത്രിമാരുടെ സൈനീക ഉപദേഷ്ടാവിന്റെ വസതിയാണ് ഇമ്രാന്‍ ഉപയോഗിക്കുന്നത്.

Top