വിമാനത്താവള കൈമാറ്റം; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിനു നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

കേരള സര്‍ക്കാര്‍ ഉയര്‍ത്തിയ കടുത്ത എതിര്‍പ്പ് വകവെയ്ക്കാതെയാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പു ചുമതല കേന്ദ്ര സര്‍ക്കാര്‍ അദാനി എന്റര്‍പ്രൈസസിന് നല്‍കിയത്. ഇതോടൊപ്പം ജയ്പൂര്‍, ഗോഹട്ടി വിമാനത്താവളങ്ങളുടെ നടത്തിപ്പും അദാനിക്കു ലഭിച്ചു.

അന്‍പതു വര്‍ഷത്തേക്കാണ് യാത്രക്കാരില്‍ നിന്ന് യൂസര്‍ ഫീ ഈടാക്കാനുള്ള അധികാരം ഉള്‍പ്പെടെ വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് പതിച്ചു നല്‍കിയത്. വിമാനത്താവളത്തിന്റെ നടത്തിപ്പാവകാശം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും കെഐസ്ഐഡിസിയും നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു.

Top