വിമാനത്താവള കൈമാറ്റം; പ്രധാനമന്ത്രിയ്ക്ക് രണ്ട് ലക്ഷം ഇമെയിലുകള്‍ അയയ്ക്കാന്‍ സിപിഎം

kodiyeri

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിമാനത്താവളം കൈമാറാന്‍ അനുവദിക്കില്ല. കേരളത്തിന്റെ എതിര്‍പ്പ് അറിയിച്ച് സിപിഎം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രണ്ടു ലക്ഷം ഈ മെയിലുകള്‍ അയക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്താവള സ്വകാര്യവത്കരണം ജനകീയ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരും. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണ സാധ്യത സര്‍ക്കാര്‍ പരിശോധിക്കണമെന്നും കോടിയേരി ആവശ്യം ഉന്നയിച്ചു. കമ്മീഷന്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. കെട്ടിടത്തിന്റെ ഗുണമേന്മ ലൈഫ് മിഷന്‍ പരിശോധിക്കണം. നിലവിലെ പ്രചാരണങ്ങള്‍ക്ക് ലാവ്ലിന്‍ ആരോപണങ്ങളുടെ ഗതിയാകും ഉണ്ടാകുക. ആരോപണങ്ങളില്‍ സര്‍ക്കാരിന് ഭയക്കാനില്ലെന്നും കോടിയേരി പറഞ്ഞു.

കോണ്‍ഗ്രസിന്റെ കേരളത്തിലെ നേതാക്കള്‍ സ്വകാര്യവത്കരണത്തിനെതിരാണെങ്കിലും ദേശീയ തലത്തില്‍ ആ നിലപാടല്ല പാര്‍ട്ടിക്കെന്നും കോടിയേരി പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്താണ് ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള നടപടിക്ക് കോണ്‍ഗ്രസാണ് തുടക്കം കുറിച്ചത്. എങ്കിലും കേരളത്തിലെ പ്രതിപക്ഷം സംസ്ഥാന സര്‍ക്കാരിന് അനുകൂലമായാണ് നിലകൊള്ളുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചു നിന്നുകൊണ്ട് വിമാനത്താവളം പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്താനായി ശ്രമിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Top