കനത്ത മഴ; നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച തുറക്കാന്‍ സാധ്യത

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരം അടച്ച നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ തുറക്കാന്‍ സാധ്യത.

വിമാനത്താവളം തുറക്കുന്നതിനുള്ള ശ്രമം തുടങ്ങിയെന്നാണ് സിയാല്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വിമാനത്താവളത്തില്‍ നിന്നും വെള്ളമിറങ്ങി തുടങ്ങിയതോടെ ജീവനക്കാര്‍ ശുചീകരണവും ആരംഭിച്ചു. ടാക്‌സി ബേ ഉള്‍പ്പടെയുള്ള ഭാഗങ്ങളില്‍ കയറിയ വെള്ളം കൂടി പൂര്‍ണമായും ഒഴിവാക്കേണ്ടതുണ്ട്.

ശക്തമായ മഴ കാരണം കുടുങ്ങി കിടന്ന മൂന്ന് വിമാനങ്ങള്‍ വിമാനത്താവളത്തില്‍ നിന്നും പോയിട്ടുണ്ട്. ഇനി അഞ്ച് വിമാനങ്ങള്‍ കൂടി വിമാനത്താവളത്തിലുണ്ട്.

വിമാനത്താവളത്തിലെ റണ്‍വേയിലും മറ്റും വെള്ളം കയറിയത് മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദുത്രഗതിയില്‍ നടക്കുകയാണ്.അപ്രതീക്ഷിതമായി പെരിയാറിലെ ജലനിരപ്പ് താഴ്ന്നതാണ് വെള്ളം എളുപ്പത്തില്‍ ഇറങ്ങി പോകുന്നതിന് സഹായകമാകുന്നത്.

Top