സംസ്ഥാനത്ത് അന്തരീക്ഷ മലിനീകരണത്തില്‍ വന്‍ വര്‍ധന; തോത് രേഖപ്പെടുത്താന്‍ സംവിധാനമില്ല

pollution

തിരുവനന്തപുരം: കേരളത്തില്‍ അന്തരീക്ഷ മലിനീകരണം കൂടുന്നതായി റിപ്പോര്‍ട്ട്. എല്ലാ ജില്ലകളിലും അന്തരീക്ഷ മാലിന്യത്തോത് ഏറുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മലിനീകരണ തോത് കണക്കാക്കാനുള്ള സംവിധാനം ഒരുക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഇതില്‍ നിന്നും മുഖംതിരിക്കുകയാണ്.അതേസമയം, മലിനീകരണത്തോത് വെളിപ്പെടുത്തുന്ന സൂചിക എല്ലാദിവസവും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന ബോര്‍ഡിന്റെ പ്രഖ്യാപനവും പാഴ് വാക്കായി.

അന്തരീക്ഷ ഗുണനിലവാരം തത്സമയം പരിശോധിക്കാനുള്ള ഉപകരണങ്ങള്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ മാത്രമാണുള്ളത്. തിരുവനന്തപുരത്തും കോഴിക്കോട്ടും ഒന്നുവീതവും എറണാകുളത്ത് മൂന്നെണ്ണവുമാണുളളത്.

കേരളത്തിലെ അന്തരീക്ഷത്തില്‍ ഏറ്റവുമധികം കാണപ്പെടുന്നത് സള്‍ഫറിന്റെയും നൈട്രജന്റെയും ഓക്സൈഡുകളാണ്. ഇവ രണ്ടും മോട്ടോര്‍വാഹനങ്ങള്‍ പുറന്തള്ളുന്നവയാണ്. നോര്‍മല്‍ മീറ്റര്‍ മൈക്രോക്യൂബ് അന്തരീക്ഷത്തില്‍ 1200 മൈക്രോഗ്രാം വരെ ഇവ അനുവദനീയമാണ്. എന്നാല്‍, കേരളത്തില്‍ ഇവ പരിധി കടക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. നൈട്രജന്‍ ഓക്സൈഡാണ് പരിധിയില്‍ കൂടുതലായി കാണുന്നതെന്ന് പഠനങ്ങള്‍ പറയുന്നു.

അന്തരീക്ഷത്തില്‍ പൊടിപടലങ്ങളുടെ അളവും ഏറെയാണ്. പി.എം.-2.5, പി.എം.-10 എന്നിങ്ങനെയാണ് പൊടിപടലങ്ങളെ വേര്‍തിരിച്ചിരിക്കുന്നത്. ഇവ 60 മുതല്‍ 100 മൈക്രോണ്‍ വരെയുണ്ടെന്നാണ് കണ്ടെത്തല്‍. നഗരങ്ങളില്‍ അമോണിയയുടെ അളവും കൂടിയിട്ടുണ്ട്.

ഓരോ ജില്ലയുടെയും വിസ്തൃതിയനുസരിച്ച് തത്സമയ വായുഗുണനിലവാര പരിശോധനാ ഉപകരണങ്ങളുടെ എണ്ണം കൂട്ടണം. ശരാശരി മൂന്ന് ഉപകരണങ്ങളെങ്കിലം ഉണ്ടെങ്കിലെ ഒരു ജില്ലയുടെ അന്തരീക്ഷ മലിനീകരണ തോത് കൃത്യമായി കണക്കാക്കാന്‍ കഴിയൂ. എല്ലാ സംസ്ഥാനങ്ങളും തത്സമയ വായുഗുണനിലവാര പരിശോധനാ സംവിധാനങ്ങള്‍ ഒരുക്കണമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ മലിനീകരണം കൂടുതലായി കണ്ടെത്തുന്ന സ്ഥലങ്ങള്‍ മാലിന്യ-പൊടിപടല മുക്തമാക്കന്‍ തദ്ദേശസ്ഥാപനങ്ങള്‍ ഇടപെടണമെന്നും വാഹനപ്പെരുപ്പം നിയന്ത്രിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിക്കണമെന്നും, ഗതാഗതം നിയന്ത്രിക്കുന്നതിനും മലിനീകരണത്തിനിടയാക്കുന്ന സ്ഥലങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്താനും പോലീസ് ഇടപെടണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ശബ്ദമലിനീകരണ നിയന്ത്രണത്തിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉള്‍പ്പെടെയുള്ളവയുടെ ഇടപെടല്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍ അന്തരീക്ഷ മലിനീകരണത്തിന്റെ കാര്യത്തില്‍ ആരോഗ്യവകുപ്പോ ഡോക്ടര്‍മാരുടെ സംഘടനകളോ ഇടപെടുന്നില്ല. ബോധവത്കരണമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇവരുടെ ഇടപെടലുണ്ടാകണമെന്നും വായുമലിനീകരണ നിരീക്ഷണം ശക്തമാക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. എല്ലാ ജില്ലകളിലും സംവിധാനമൊരുക്കിയാലേ മലിനീകരണത്തോത് കൃത്യതയോടെ അറിയാനാവൂവെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചത്

Top