ആദ്യമായി സൗദിയുടെ വ്യോമപാതയിലൂടെ ഇസ്രയേലിലേയ്ക്ക് വിമാനം

air-india

ജറുസലേം: ആദ്യമായി സൗദി അറേബ്യയുടെ വ്യോമപാതയിലൂടെ ഇസ്രയേലിലേയ്ക്ക് വിമാനം പറന്നു. എയര്‍ ഇന്ത്യയുടെ വിമാനമാണ് സൗദി വ്യോമപാതയിലൂടെ ടെല്‍ അവീവിലേയ്ക്ക് പറന്നിറങ്ങിയത്. സൗദി ഉള്‍പ്പെടെ മിക്ക അറബ് രാജ്യങ്ങളും ഇസ്രയേലിനെ രാഷ്ട്രമായി അംഗീകരിക്കാന്‍ തയ്യാറാകാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. അതിനാല്‍ തന്നെ ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് വ്യോമപാത അനുവദിക്കാറുമില്ല.

എയര്‍ ഇന്ത്യക്ക് പറക്കാന്‍ അനുമതി നല്‍കിയതോടെ സൗദി ഭരണകൂടവും ഇസ്രയേലും തമ്മിലുള്ള ബന്ധം മെച്ചപ്പെടുകയാണെന്നാണ് വിലയിരുത്തേണ്ടത്. നിലവില്‍ ഇസ്രയേല്‍ വിമാനങ്ങള്‍ മുംബൈയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍, സൗദിയുടെ വ്യോമപാത ഒഴിവാക്കി ചെങ്കടലിന് മുകളിലൂടെയാണ് ഈ യാത്ര.

ഡല്‍ഹിയില്‍ നിന്ന് ടെല്‍ അവീവിലേക്ക് മാര്‍ച്ച് 22 മുതല്‍ സര്‍വീസ് ആരംഭിച്ചതായി എയര്‍ ഇന്ത്യ വക്താവാണ് അറിയിച്ചത്. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് എയര്‍ ഇന്ത്യ ഇസ്രയേലിലേക്ക് നടത്തുക. ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങളിലായിരിക്കും ഇത്.

Top