റദ്ദാക്കിയ ടിക്കറ്റിന് പണം മടക്കി നല്‍കില്ലെന്ന് വിമാനക്കമ്പനികള്‍

മുംബൈ: കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടുകയും തുടര്‍ന്ന് എല്ലാ വാണിജ്യ പാസഞ്ചര്‍ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തതോടെ ഏപ്രില്‍ 15 മുതല്‍ മേയ് മൂന്നുവരെ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ പണം മടക്കി നല്‍കില്ലെന്ന് വിമാനക്കമ്പനികള്‍. പകരം ഒരു വര്‍ഷക്കാലയളവില്‍ ഈ പണം ഉപയോഗിച്ച് ടിക്കറ്റ് റീഷെഡ്യൂള്‍ ചെയ്യാമെന്നാണ് അറിയിച്ചിരിക്കുന്നത്.

പുതിയ ടിക്കറ്റിന് പുനക്രമീകരണ നിരക്ക് ഈടാക്കില്ലെന്ന് ഗോ എയറും വിസ്താരയും അറിയിച്ചു. അതേസമയം, ഇക്കാലയളവില്‍ പുതിയ ടിക്കറ്റിന് അധികതുക വന്നാല്‍ അത് നല്‍കേണ്ടി വരും. നിലവിലെ ടിക്കറ്റിന്റെ പണം ക്രെഡിറ്റ് ആയി സൂക്ഷിക്കുമെന്നാണ് ഇന്‍ഡിഗോ അറിയിച്ചിട്ടുള്ളത്. വിസ്താര 2020 ഡിസംബര്‍ 31 വരെയും ഗോ എയര്‍ 2021 മേയ് മൂന്നു വരെയും ഇന്‍ഡിഗോ 2021 ഫെബ്രുവരി 28 വരെയും ടിക്കറ്റിന്റെ കാലാവധി നീട്ടിയിട്ടുണ്ട്.

കൊറോണ വൈറസ് പകര്‍ച്ചവ്യാധി തടയുന്നതിനായി മാര്‍ച്ച് 25 മുതല്‍ ഇന്ത്യ 21 ദിവസത്തെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. തല്‍ഫലമായി, എല്ലാ ആഭ്യന്തര, അന്തര്‍ദ്ദേശീയ വാണിജ്യ യാത്രാ വിമാനങ്ങളും ഈ കാലയളവില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഏപ്രില്‍ 14 -ന് ലോക്ഡൗണ്‍ തീരുമെന്ന പ്രതീക്ഷയില്‍ 15 മുതല്‍ വിമാനക്കമ്പനികള്‍ ബുക്കിങ് സ്വീകരിച്ചിരുന്നു. പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യമാത്രമാണ് ഇതില്‍നിന്നു വിട്ടുനിന്നത്.

എന്നാല്‍ പത്തൊമ്പത് ദിവസത്തേയ്ക്ക് കൂടി ലോക് ഡൗണ്‍ നീട്ടിയതിനാല്‍ മേയ് മൂന്നിനുശേഷം മാത്രമേ ഇനി ആഭ്യന്തര, അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ ഉണ്ടാകൂ.

Top