നിറമില്ല, മോസ്‌കോവിലെത്തിയ യാത്രക്കാരെ ഡല്‍ഹിയിലേക്ക് നിര്‍ബന്ധിച്ച് അയച്ചതായി പരാതി

aero-flot

മോസ്‌കോ: നിറമില്ലാത്തതിന്റെ പേരില്‍ മോസ്‌കോ വിമാനത്താവളത്തില്‍ ന്യൂയോര്‍ക്കിലേക്ക് പോകാനെത്തിയ അഞ്ച് ഏഷ്യന്‍ അമേരിക്കന്‍ യാത്രക്കാരെ ഡല്‍ഹിയിലേക്ക് നിര്‍ബന്ധിച്ച് അയച്ചതായി പരാതി. റഷ്യയുടെ ഔദ്യോഗിക വിമാനസര്‍വീസായ എയറോഫ്‌ളോട്ടിനു നേരെയാണ് ഇത്തരത്തിലൊരു വര്‍ണ വിവേചന ആരോപണം വന്നിരിക്കുന്നത്.

മാര്‍ക്ക് ഫെര്‍ണാണ്ടസ്, ഷഹാന ഇസ്ലാം, സബിഹ ഇസ്ലാം, ബൈകുള്‍ ഇസ്ലാം, അന്‍ഷുല്‍ അഗര്‍വാള്‍ എന്നീ അമേരിക്കന്‍ പൗരന്മാരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ന്യൂയോര്‍ക്കിലേക്കുള്ള യാത്രയ്ക്കിടെ വിമാനം മാറിക്കയറുന്നതിന് ഇവര്‍ മോസ്‌കോയില്‍ ഇറങ്ങിയിരുന്നു.

ആ സമയത്ത് മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ജെ എഫ് കെ വിമാനത്താവളത്തിലേക്കുള്ള തുടര്‍ വിമാനം റദ്ദാക്കി. എന്നാല്‍ ഇതിനു പകരം പുറപ്പെട്ട വിമാനത്തില്‍ സീറ്റുകള്‍ ഒഴിവില്ലെന്ന് എയറോഫ്‌ളോട്ട് ജീവനക്കാര്‍ തങ്ങളോട് പറഞ്ഞുവെന്നാണ് ഇവരുടെ ആരോപണം. മോസ്‌കോയില്‍ താമസ സൗകര്യം ഒരുക്കിത്തരാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയതായും ട്രാന്‍സിറ്റ് വിസ അനുവദിച്ചില്ലെന്നും ഇവര്‍ പരാതിയില്‍ പറയുന്നു.

യു എസ് എംബസിയുമായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അവരോട് സംസാരിക്കാന്‍ എയറോഫ്‌ളോട്ട് അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് ഇന്ത്യയിലേക്ക് ഇവരെ നിര്‍ബന്ധിച്ച് അയച്ചു. ഡല്‍ഹിയില്‍ എത്തിയ അഞ്ചംഗ സംഘത്തെ സഹായിക്കാന്‍ എയറോഫ്‌ളോട്ട് പ്രതിനിധികള്‍ ആരും ഉണ്ടായിരുന്നില്ലെന്നും യാത്രികരില്‍ ഒരാളായ അന്‍ഷുല്‍ അഗര്‍വാള്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. തുടര്‍ന്ന് ഡല്‍ഹിയിലെത്തിയ സംഘത്തിലെ നാലുപേര്‍ ഖത്തര്‍ എയര്‍വെയ്‌സിലാണ് ന്യൂയോര്‍ക്കിലേക്ക് പോയത്‌. അവശേഷിച്ച ഒരാള്‍ ആറുദിവസത്തിനു ശേഷവും അമേരിക്കയിലേക്ക് പോയി.

എന്നാല്‍ തങ്ങള്‍ക്കൊപ്പമുള്ള വെളുത്ത അമേരിക്കക്കാര്‍ക്ക് റദ്ദാക്കിയതിനു പകരമുള്ള വിമാനത്തില്‍ പോകാന്‍ അവസരം നല്‍കിയതായും അഞ്ചംഗസംഘം ആരോപിച്ചു. അടുത്ത വിമാനത്തില്‍ ഇന്ത്യയിലേക്ക് പോകണമെന്നും അല്ലെങ്കില്‍ ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് എയറോഫ്‌ളോട്ട് ജീവനക്കാരന്‍ ഭീഷണിപ്പെടുത്തിയതായും യാത്രക്കാര്‍ പരാതിയില്‍ പറഞ്ഞു.

Top